അടൂർ: കെ. എ. പി മൂന്നാം ബറ്റാലിയൻ ക്യാമ്പിലെ താത്കാലിക ജീവനക്കാരനെ ക്യാമ്പ് പരിസരത്ത് മരിച്ച നിലയിൽ കണ്ടെത്തി. വെസ്റ്റ് കല്ലട ഐതോട്ടുവ വെർണിഷ് ഭവനത്തിൽ പി.ശശി (60) യാണ് മരിച്ചത്. ഇന്നലെ രാവിലെ ഏഴരയോടെ ക്യാമ്പ് പരിസരത്താണ് മൃതദേഹം കണ്ടത്. സമീപത്തായി സ്കൂട്ടറും ഉണ്ടായിരുന്നു. .രണ്ട് വർഷമായി ശശി ക്യാമ്പിൽ താത്കാലികമായി ജോലി ചെയ്യുകയാണ് .ഞായറാഴ്ച വൈകിട്ട് 5.30ന് ഡ്യൂട്ടി കഴിഞ്ഞു. മെയിൻ ഗേറ്റ് വഴിയാണ് മടങ്ങാറുള്ളത്. എന്നാൽ മൃതദേഹം കണ്ടെത്തിയത് പരേഡ് ഗ്രൗണ്ടിന് പടിഞ്ഞാറു ഭാഗത്തുകൂടിയുള്ള ഊടുവഴിയിലാണ്. ബൈക്കിൽ യാത്ര ചെയ്യുന്നതിടെ കുഴഞ്ഞ് വീണ് മരിച്ചതാകാമെന്നാണ് പൊലീസ് നിഗമനം. മൃതദേഹം കൊവിഡ് പരിശോധനയ്ക്കായി പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി.