പത്തനംതിട്ട : ജില്ലയിൽ ഏഴ് വാർഡുകൾ കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചു. പൊതുപ്രവർത്തകനും വിദ്യാർത്ഥി നേതാവുമായ ഇരുപത്തിരണ്ടുകാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് പത്തനംതിട്ട നഗരസഭയിലെ നാല് വാർഡുകൾ കണ്ടെയിൻമെന്റ് സോണാക്കിയത്. തമിഴ്നാട്ടിൽ നിന്ന് പച്ചക്കറിയുമായി തിരുവല്ല ചന്തയിലെത്തിയ ട്രക്ക് ഡ്രൈവറായ ഇരുപത്തിരണ്ടുകാരന് കൊവിഡ് പോസീറ്റീവായതോടെ നഗരസഭയിലെ രണ്ട് വാർഡ് കണ്ടെയിൻമെന്റ് സോണിന്റെ പരിധിയിലായി. ആലപ്പുഴ വെൺമണിയിൽ കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചയാൾ കുളനടയിലെത്തിയതായി കണ്ടെത്തിയിരുന്നു. അതിനാൽ കുളനട പഞ്ചായത്ത് 14-ാം വാർഡും കണ്ടെയിൻമെന്റ് സോണിൽപ്പെടും. പത്തനംതിട്ടയിലെ വിദ്യാർത്ഥിനേതാവ് ജില്ലയിൽ നിരവധി പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. പല സ്ഥാപനങ്ങളിലും കയറി ഇറങ്ങിയിട്ടുണ്ട്. കൊവിഡിന്റെ സന്നദ്ധ വോളണ്ടിയറായും പ്രവർത്തിച്ചു.

കണ്ടെയ്ൻമെന്റ് സോണുകളിൽ കടകമ്പോളങ്ങൾ അടയ്ക്കും. പൊതുഗതാഗതം പരിമിതപ്പെടുത്തും. ഇവിടെ ബസുകൾ നിറുത്തരുതെന്ന് ജീവനക്കാർക്ക് നിർദേശം നൽകി.

ട്രിപ്പിൾ ലോക്ക് ഡൗൺ അല്ലെങ്കിലും അതിന് സമാനമാണ് കണ്ടെയ്ൻമെന്റ് സോണും. പൊതുഗതാഗതം പരിമിതമാകും. അത്യാവശ്യത്തിന് മാത്രം പുറത്ത് പോകുക. കണ്ടെയ്ൻമെന്റ് സോണിലേക്കും ആളുകൾ പോകരുത്.

ഡോ. കെ.എൽ ഷീജ

(ഡി.എം.ഒ)

ആശുപത്രിയിലാണെങ്കിൽ കൂടി ഒഴിവാക്കാൻ പറ്റില്ലെന്ന സാഹചര്യത്തിൽ മാത്രം പോകുക. ആരോഗ്യ പ്രവർത്തകരുടെയും ഭരണകൂടത്തിന്റെയും നിർദേശങ്ങൾ പാലിക്കുക. സമ്പർക്കം വർദ്ധിക്കാൻ അനുവദിക്കരുത്. എല്ലാവരും സുരക്ഷിതരായിക്കണം.

പി.ബി.നൂഹ്,

ജില്ലാ കളക്ടർ

കണ്ടെയിൻമെന്റ് സോണുകൾ

പത്തനംതിട്ട നഗരസഭ

13-ാം വാർഡ് കുലശേഖരപതി.

21 -ാം വാർഡ് കുമ്പഴ.

22 -ാം വാർഡ് ചുട്ടിപ്പാറ വെസ്റ്റ്.

23-ാം വാർഡ് ചുട്ടിപ്പാറ.

തിരുവല്ല നഗരസഭാ

28 -ാം വാർഡ് കാവുംഭാഗം

33 -ാം വാർഡ് തിരുവല്ല ചന്ത

കുളനട പഞ്ചായത്തിൽ

14-ാം വാർഡ്