കൊടുമൺ: ജംഗ്ഷനിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. അപകടവും പതിവായിരിക്കുകയാണ്. ഗതാഗതസംവിധാനത്തിലെ പാളിച്ചയാണ് തിരക്കും അപകടങ്ങളും ഉണ്ടാകാൻ പ്രധാന കാരണം. തലങ്ങും വിലങ്ങുമുള്ള വാഹനങ്ങളുടെ യാത്രയാണ് മിക്കപ്പോഴും അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നത്. വൈകുന്നേരമാകുന്നതോടെ വാഹനങ്ങളെ നിയന്ത്രിക്കാൻ കഴിയാതെ വരുന്നു. സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ച് അങ്ങാടിക്കൽ റോഡിലൂടെയും ഏഴംകുളം– കൈപ്പട്ടൂർ പ്രധാന പാതയിലൂടെയും വരുന്ന വാഹനങ്ങളെ നിയന്ത്രിച്ചെങ്കിൽ മാത്രമേ അപകടങ്ങൾ ഒരുപരിധിവരെ ഒഴിവാക്കാൻ സാധിക്കുകയുള്ളു. ജംഗ്ഷനിൽ പത്തനംതിട്ട-അടൂർ ഭാഗങ്ങളിലേക്കു പോകാനുള്ള യാത്രക്കാർക്കായി ബസ് സ്റ്റോപ്പുകൾ ഉണ്ടെങ്കിലും ബസുകൾ വഴിനീളെ നിറുത്തിയാണ് യാത്രക്കാരെ കയറ്റുന്നത്. പലപ്പോഴും അപകടം ഉണ്ടാകാൻ ഇതൊരു കാരണമാകുന്നുണ്ട്. സ്വകാര്യവാഹനങ്ങൾ പാർക്ക് ചെയ്യാൻ യാതൊരു സംവിധാനവുമില്ല. റോഡിന്റെ ഇരുസൈഡിലും തോന്നിയപടിയാണു വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. ജംഗ്ഷനിൽ ട്രാഫിക് ഡ്യൂട്ടിക്ക് പൊലീസ് ഉണ്ടെങ്കിലും അത് നാട്ടുകാർക്ക് ഉപകാരപ്പെടുന്ന രീതിയിൽ അല്ലെന്ന് ആക്ഷേപം ഉയരുന്നുണ്ട്. പഞ്ചായത്തിന്റെ നേതൃത്വത്തിൽ ട്രാഫിക് ഉപദേശകസമിതി വിളിച്ചുചേർത്ത് അപകടങ്ങൾ ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണു യാത്രക്കാരുടെ ശക്തമായ ആവശ്യം ശക്തമാണ്.