കടമ്പനാട് : മാതൃകാപരമായ പ്രവർത്തനങ്ങൾകൊണ്ട് ശ്രദ്ധേയമാകുകയാണ് അടൂരിലെ യുവജനങ്ങളുടെ കൂട്ടായ്മകൾ. അടൂർ യുവത എന്നപേരിൽ യുവജനകൂട്ടായ്മ, നമ്മുടെ സ്വന്തം മണ്ണടി, തെങ്ങമം കേന്ദ്രീകരിച്ച് അമ്മ ഭരണിക്കാവിലമ്മ എന്നീപേരുകളിൽ വാട്സപ്പ് കൂട്ടായ്മകളും മഹനീയമായ പ്രവർത്തനങ്ങളാണ് നടത്തികൊണ്ടിരിക്കുന്നത് .നിരവധി പൂർവവിദ്യാർത്ഥിസംഘടനകളും വാട്സപ് കൂട്ടായ്മകളും രാഷ്ട്രീയ യുവജനസംഘടനകളും സേവനപ്രവർത്തനങ്ങളുമായി രംഗത്തുണ്ട്. 2015 ൽ മണ്ണടി കന്നിമല ക്വാറി സമരവുമായി ബന്ധപ്പെട്ട് മണ്ണടിയിലെ സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ പ്രവർത്തകരേയും യുവജനങ്ങളേയും ഉൾപ്പെടുത്തി സമര പ്രവർത്തനങ്ങൾക്ക് ശക്തി പകരുവാനാണ് നമ്മുടെ സ്വന്തം മണ്ണടി വാട്സപ് കൂട്ടായ്മ രൂപീകരിച്ചത് . മണ്ണടിയിലെയും സമീപ പ്രദേശങ്ങളിലേയും വാർത്തകളും വിശേഷങ്ങളും സർക്കാർ സേവനങ്ങളും കാർഷിക അറിയിപ്പുകളും ജനങ്ങളിൽ വേഗത്തിൽ എത്തിക്കാനും ഗ്രൂപ്പ് ശ്രമിക്കുന്നു. മണ്ണടിയിലേയും സമീപ പ്രദേശങ്ങളിലേയും ഒൻപത് സ്കൂളുകളിലെ ഓൺലൈൻ പഠന സംവിധാനം ഇല്ലാത്ത 28 കുട്ടികൾക്കാണ് ഈ കുട്ടായ്മ 32 ഇഞ്ച് എൽ.ഇ.ടി ടിവിയും 3 ഡി.റ്റി എച്ച് സംവിധാനവും നൽകിയത് . ഒാൺലൈൻ പഠന സൗകര്യമില്ലാത്ത 10 വിദ്യാർത്ഥികൾക്ക് തെങ്ങമം പ്രദേശത്തെ അമ്മ ഭരണിക്കാവിലമ്മ വാട്സ് ആപ്പ് കൂട്ടായ്മയുടെയുടെ നേതൃത്വത്തിൽ ടിവി വാങ്ങി നൽകി.