കോന്നി : നടുവത്തുമൂഴി റേഞ്ചിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ തേക്കുതടി കടത്തിയ കേസ് പൊലീസ് വിജിലൻസ് അന്വേഷിക്കണമെന്ന് കെ.പി.സി.സി അംഗം പി. മോഹൻരാജും ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജും പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. വനം വകുപ്പിലെ ഉന്നതർക്ക് ബന്ധമുള്ള കേസ് ഫോറസ്റ്റ് വിജിലൻസ് അന്വേഷിക്കുന്നതിൽ വിശ്വാസമില്ല. കേസ് അട്ടിമറിക്കാൻ വനം മന്ത്രിയുടെ ഓഫീസും കോന്നി എം.എൽ.എയുടെ ഓഫീസും ഡി.എഫ്.ഒ ഓഫീസിൽ ജോലി ചെയ്യുന്ന ഒരു എൻ.ജി.ഒ യൂണിയൻ നേതാവും ഇടപെട്ടിട്ടുണ്ടെന്നും അവർ ആരോപിച്ചു.
കല്ലേലി ഹാരിസൺ പ്ളാന്റേഷനിലെ റബർ മരങ്ങൾ മുറിച്ച് നീക്കം ചെയ്തതിന്റെ മറവിൽ പാടം ഫോറസ്റ്റ് സ്റ്റേഷൻ പറക്കുളം തേക്ക് കൂപ്പ്, ഡമ്പിംഗ് സൈറ്റ് എന്നിവിടങ്ങളിൽ നിന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ തേക്ക് മരം കടത്തുന്നതായി ഉന്നത ഉദ്യോഗസ്ഥരെ നിരവധി തവണ നാട്ടുകാർ ഫോൺ വിളിച്ച് അറിയിച്ചിരുന്നു. എന്നാൽ കണക്കിൽപ്പെടാത്ത തടിയാണെന്ന് പറഞ്ഞ് അന്വേഷണം ഒഴിവാക്കുകയായിരുന്നു. ഡി.എഫ്. ഒ ഓഫീസ് കേന്ദ്രീകരിച്ച് അന്വേഷണം തുടക്കത്തിലേ അട്ടിമറിച്ചു. കടത്തിയ മുഴുവൻ തടികളും കണ്ടെത്താൻ ഫോറസ്റ്റ് വിജിലൻസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. തടി കടത്തിൽ ഉൾപ്പെട്ട ഫോറസ്റ്റുകാർക്കെതിരെ കേസ് എടുത്തിട്ടില്ല. ഫോറസ്റ്റ് വിജിലൻസ് ഈ കേസ് അന്വേഷിച്ചാൽ അട്ടിമറിക്കപ്പെടും.കേസ് എത്രയും വേഗം പൊലീസ് വിജിൻസിന് കൈമാറി എല്ലാ പ്രതികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് അവർ ആവശ്യപ്പെട്ടു.