കോന്നി : കോന്നി സബ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസ് നിലവിൽ വന്നു. ഇനിമുതൽ ഇവിടുത്തെ രജിസ്ട്രേഷൻ നമ്പർ കെ.എൽ.83 എന്നാകും. കോന്നി താലൂക്കിലെ പ്രധാന പഞ്ചായത്തുകളെ ഉൾക്കൊള്ളിച്ചാണ് ഓഫീസ് ആരംഭിച്ചിരിക്കുന്നത്.മോട്ടോർ വെഹിക്കിൾ വകുപ്പിന്റെ പുതിയ രീതിയിലുള്ള പ്രവർത്തനങ്ങൾ ജനങ്ങളുടെ ദുരിതങ്ങൾ കുറയ്ക്കാൻ സഹായിക്കും. ലേണേഴ്‌സ് ലൈസൻസ് പരീക്ഷ ഓൺലൈനിലൂടെ നടപ്പിലാക്കും. അടുത്ത ആഴ്ചയോടുകൂടി ഈ സംവിധാനം നിലവിൽ വരും. ലൈസൻസ് നടപടികൾ ശാസ്ത്രീയമായി വരുന്നതിനായി ഓട്ടോമാറ്റിക് ട്രെയിനിംഗ് സെന്റർ നടപ്പിലാക്കാൻ തീരുമാനിച്ചിട്ടുണ്ട്.സ്ഥലത്തിന്റെ ലഭ്യത ഉറപ്പാക്കിയാൽ എല്ലാ ജില്ലയിലും ഇത്തരം ഓഫീസുകൾ ഉണ്ടാകും.ആദ്യഘട്ടമായി ആറും രണ്ടാം ഘട്ടമായി ഏഴും ആർ.ടി ഓഫീസുകളാണ് ആരംഭിക്കാൻ തീരുമാനിച്ചത്. രണ്ടാംഘട്ടത്തിലെ ഏഴ് ആർ.ടി ഓഫീസുകളിലെ ആദ്യത്തെ ഓഫിസാണു കോന്നിയിലേത്. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ വന്നതിനാൽ എല്ലാ ഓഫീസുകളും തുറക്കാൻ സാധിച്ചില്ല.
ജോയിന്റ് ആർ.ടി ഓഫീസുകൾ ഇല്ലാത്ത താലൂക്കുകളിൽ ഓഫീസുകൾ തുറക്കും: എ.കെ ശശീന്ദ്രൻ
സംസ്ഥാനത്ത് ജോയിന്റ് ആർ.ടി ഓഫീസുകൾ ഇല്ലാത്ത താലൂക്കുകളിൽ ഘട്ടംഘട്ടമായി ഓഫീസുകൾ തുറക്കുമെന്നു മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. കോന്നി സബ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസ് വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കെ.യു ജനീഷ് കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തി. ഇരുവരും ചേർന്ന് ഓഫീസ് തുറന്നുകൊടുത്തു. ആർ.ടി.ഒ ജിജി ജോർജ്, ജോയിന്റ് ആർ.ടി.ഒ: കെ.ജി ഗോപകുമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.ജെ അജയകുമാർ, മാത്യൂസ് ജോർജ് തുടങ്ങിയവർ പങ്കെടുത്തു.