cleaning

തിരുവല്ല : തമിഴ്‌നാട്ടിൽ നിന്ന് പച്ചക്കറിയുമായെത്തിയ പിക്കപ്പ് ഡ്രൈവർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ശക്തമായ നടപടികളുമായി അധികൃതർ രംഗത്തെത്തി. രാമപുരം മാർക്കറ്റിലെയും മണിപ്പുഴയിലെ വഴിയോര കച്ചവടകേന്ദ്രത്തിലേയും സ്ഥാപനഉടമകളും ജീവനക്കാരുമായ 23പേരെ പ്രാഥമികമായി നിരീക്ഷണത്തിലാക്കി. മറ്റു ബന്ധപ്പെട്ടവരുടെ പട്ടികയും തയ്യാറായി വരുന്നു. സമൂഹവ്യാപനം തടയുന്നതിന്റെ ഭാഗമായി നഗരസഭയിലെ 28,33 വാർഡുകളിലെ മുഴുവൻ വീടുകളിലും ഇന്നുമുതൽ സർവ്വേ ആരംഭിക്കും. നഗരസഭയിലെ പൊതുപരിപാടികൾ ഒഴിവാക്കാനുള്ള നടപടിയെടുക്കുവാനും മാത്യു ടി.തോമസിന്റെ അദ്ധ്യക്ഷതയിൽ യോഗത്തിൽ തീരുമാനമായി. നഗരസഭ ചെയർമാൻ ആർ.ജയകുമാർ, സബ് കളക്ടർ വിനയ് ഗോയൽ, ഡിവൈ.എസ്.പി ടി.രാജപ്പൻ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ആർ.അജയ് മോഹൻ, തഹസിൽദാർ ജോൺ വർഗീസ്, ഡോ.മാമ്മൻ ടി.ചെറിയാൻ തുടങ്ങിയവർ പങ്കെടുത്തു. കമ്പത്ത് നിന്ന് പച്ചക്കറിയുമായെത്തിയ കൂടല്ലൂർ സ്വദേശിയായ 22 കാരനാണ് തിങ്കളാഴ്ച കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്നാണ് രാമപുരം മാർക്കറ്റും വഴിയോര കച്ചവടകേന്ദ്രങ്ങളും അടപ്പിച്ചത്.

കാവുംഭാഗവും കണ്ടെയ്ന്റ്മെന്റ് സോണിൽ
നഗരസഭയിലെ രാമപുരം മാർക്കറ്റ് ഉൾപ്പെടുന്ന 33-ാം എം.ജി.എം വാർഡും കാവുംഭാഗം 28-ാം വാർഡും കണ്ടെയ്ന്റ്മെന്റ് സോണായി പ്രഖ്യാപിച്ചു. കൂടുതൽ സ്ഥലങ്ങൾ ഉൾപ്പെടുത്തണമോയെന്നത് പരിശോധിച്ചു തീരുമാനിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി രാമപുരം മാർക്കറ്റിനും മണിപ്പുഴയിലെ വഴിയോര കച്ചവടകേന്ദ്രത്തിനും 500 മീറ്ററിനുള്ളിലുള്ള കാവുംഭാഗത്തെയും ചന്തക്കടവിലെയും ഹോട്ടലുകൾ അടക്കമുള്ള മുഴുവൻ കച്ചവട സ്ഥാപനങ്ങളും അടപ്പിച്ചു. രാമപുരം മാർക്കറ്റും പരിസരവും നഗരസഭാ കെട്ടിടവും അഗ്നിശമന സേനയുടെയും ആരോഗ്യ വിഭാഗത്തിന്റെയും നേതൃത്വത്തിൽ അണുവിമുക്തമാക്കി. മാർക്കറ്റിനോട് ചേർന്നുള്ള എസ്.ബി ഐയുടെ എ.ടി.എം കൗണ്ടറും അടപ്പിച്ചു.

പൂട്ടിച്ച ചന്തയിലെ പച്ചക്കറികൾ രാത്രിയിൽ കടത്തി
തിരുവല്ല: സമൂഹവ്യാപനം ഒഴിവാക്കാനായി എം.എൽ.എയുടെ നേതൃത്വത്തിൽ അടച്ചുപൂട്ടിയ തിരുവല്ല മാർക്കറ്റിലെ ഹോൾസെയിൽ കടകളിൽ നിന്ന് രാത്രിയിൽ പച്ചക്കറികൾ കടത്തി. തിങ്കളാഴ്ച വൈകിട്ട് ആറരയോടെ അടപ്പിച്ച കടകളിൽ നിന്നുമാണ് രാത്രി പത്തരയോടെ പൊടിയാടിയിലെയും മണിപ്പുഴയിലിലെയും ചെറുകിട പച്ചക്കറി കടകളിലേക്ക് സാധനങ്ങൾ കടത്തിയത്. പച്ചക്കറികൾ എത്തിച്ച പൊടിയാടിയിലെ അമൃത വെജിറ്റബിൾ സ്റ്റോർ നെടുമ്പ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി.സുനിൽകുമാറിന്റെ നേതൃത്വത്തിൽ അടപ്പിച്ചു. ഈ സ്ഥാപനത്തിന്റെ ഉടമയും ജീവനക്കാരും നിരീക്ഷണത്തിൽ പോകാനും നിർദേശം നൽകി. പൊടിയാടിയിലെ മുഴുവൻ പച്ചക്കറിക്കടകളിലും ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പരിശോധനകളും ആരംഭിച്ചിട്ടുണ്ട്. മണിപ്പുഴയിലെ വഴിയോര പച്ചക്കറി കച്ചവടകേന്ദ്രങ്ങൾ മുഴുവൻ നഗരസഭയുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെ പൊളിച്ചു നീക്കി. നിരീക്ഷണത്തിൽ കഴിയേണ്ട മണിപ്പുഴയിലെ പച്ചക്കറി വ്യാപാരികൾ ഇറങ്ങി നടക്കുന്നതായും പരാതിയുണ്ട്.