09-tapping
ടാപ്പിംഗ്‌

അരുവാപ്പുലം: റബറിന്റെ വിലയിടിവ് മൂലം കടുത്ത പ്രതിസന്ധിയിലാണ് മലയോര മേഖലയിലെ കർഷകർ. റബർകൃഷി ഉപജീവനമാർഗമായിരുന്ന ഇവർ ജീവിക്കാൻ പുതിയ വഴി തേടാനുള്ള ആലോചനയിലാണ്.

റബറിൽ നിന്നുള്ള വരുമാനംകൊണ്ട് വീട്ടു ചെലവും മക്കളുടെ വിദ്യാഭ്യാസ ചെലവും മറ്റും നടത്തിയ കാലം പഴങ്കഥയായി.

മുമ്പ് ഗ്രാമങ്ങളിൽ നിന്ന് ടൺ കണക്കിന് റബർഷീറ്റും ഒട്ടുപാലുമാണ് കോന്നിയിലെ റബർ മാർക്കറ്റിങ്സൊസൈറ്റിയിലും ചെറുകിട റബർ വ്യാപാര സ്ഥാപനങ്ങളിലുമെത്തിയിരുന്നത്. 1974ൽ പ്ലാന്റേഷൻ കോർപ്പറേഷൻ തണ്ണിത്തോട്ടിൽ റബർ കൃഷി തുടങ്ങിയ ശേഷമാണ് കർഷകർ വ്യാപകമായി കൃഷി തുടങ്ങിയത്. 1980 കളിൽ ഹാരിസൺ പ്ലാന്റേഷനും റബ‌ർകൃഷി തുടങ്ങി. ഇൗ കാലത്തെല്ലാം റബർവില ഉയർന്നു നിൽക്കുകയായിരുന്നു. പിൽക്കാലത്ത് ഹാരിസൺ പ്ലാന്റേഷന്റെ കല്ലേലി, ചെങ്ങറ തോട്ടങ്ങൾ പൂർണമായി റബർ കൃഷിക്ക് വഴിമാറി. ചെറുകിട റബർ വ്യാപാരികൾ അക്കാലത്ത് ആഴ്ചയിൽ 3 ലോഡ് റബർ വരെ കയറ്റി അയക്കുമായിരുന്നു. തണ്ണിത്തോട്, അരുവാപ്പുലം, കലഞ്ഞൂർ, മലയാലപ്പുഴ പഞ്ചായത്തുകളിലെ കർഷകരിൽ പലരും ഗതാഗത സൗകര്യങ്ങളുടെ പരിമിതി മൂലം ടൗണുകളിലേക്ക് താമസം മാറിയെങ്കിലും തങ്ങളുടെ റബർ തോട്ടങ്ങൾ വിൽപ്പന നടത്തിയില്ല. അത്രയ്ക്ക് ലാഭമായിരുന്നു അന്ന് റബർകൃഷി.

-------------------

പതനം 2012 മുതൽ

2012 മുതലാണ് റബർക‌ൃഷിയുടെ പതനം തുടങ്ങിയത്. പൊതു വിപണിയിൽ വില കുറഞ്ഞു തുടങ്ങി. വെട്ട് കൂലിക്ക് പുറമേ ചില്ല്, ചിരട്ട, പ്ലാസ്റ്റിക്ക്, ആസിഡ്, കമ്പി, വളം എന്നിവയുടെ വിലയും വർദ്ധിച്ചതോടെ കൃഷി നഷ്ടമായി. കിലോഗ്രാമിന് 200 രൂപയെങ്കിലും കിട്ടിയില്ലങ്കിൽ പിടിച്ചുനിൽക്കാ നാവില്ലന്ന് കർഷകർ പറയുന്നു.

---------------

ആ നല്ല കാലം ഒാർമ്മയിൽ

വൻകിട റബർതോട്ടങ്ങളിൽ തുരിശ് തളിക്കാൻ കൊച്ചിയിൽ നിന്ന് ഹെലകോപ്ടറുകളും ആധുനിക ഉപകരണങ്ങളുമെത്തിയത് കർഷകരുടെ ഒാർമ്മയിലുണ്ട്. വില ഇടിഞ്ഞതോടെ പ്ലാന്റേഷൻ കോർപ്പറേഷന്റെയും ഹാരിസൺ പ്ലാന്റേഷന്റെയും എ.വി.റ്റി യുടേയും തോട്ടങ്ങളിൽ ഇതെല്ലാം മെല്ലെ നിലച്ചു. വളമിടാനും കളനീക്കം ചെയ്യാനും മഴക്കാലത്ത് ഷേഡിടിടാനും കർഷക കുടുബം ഒന്നിച്ചിറങ്ങിയിരുന്നതും ഒാർമ്മയായി.
------------------

@ റബർത്തോട്ടങ്ങൾ പലയിടത്തും കാടുപിടിച്ച് കിടക്കുന്നു.

@ വെട്ടിമാറ്റിയ മരങ്ങൾക്ക് പകരം പുതിയവ നടുന്നില്ല

@ ചെറുകിട വ്യാപാരികളിൽ പലരും കച്ചവടം നിറുത്തി.

@ റബർ വെട്ടിമാറ്റിയ പറമ്പുകൾ പ്ലോട്ടുകളാക്കി വിൽക്കുന്നു.