ചെങ്ങന്നൂർ: പേരിശേരി മഠത്തുംപടി റെയിൽവേ ഗേറ്റിന് സമീപം വൻമരങ്ങൾ അപകട ഭീക്ഷണി ഉയർത്തുന്നു. ആലാ പെണ്ണുക്കര ഭാഗത്തുനിന്നും മഠത്തുംപടി വഴി പാണ്ടനാട്ടിലേക്ക് പോകുന്ന പി.ഐ.പി കനാലിനോട് ചേർന്നുള്ള റയിൽവേ ഗേറ്റിന് സമീപത്തായി 60 വർഷത്തോളം പഴക്കമുള്ള മരങ്ങളാണ് വാഹനങ്ങൾക്കും ജീവനും ഭീഷണിയായിരിക്കുന്നത്. ഗേറ്റ് അടച്ചിടുമ്പോൾ നിരവധി വാഹനങ്ങൾ ഇവിടെ പാർക്ക് ചെയ്യേണ്ടി വരുന്നു. മരകൊമ്പുകൾ ഒടിഞ്ഞ് വാഹനത്തിന് മുകളിൽ വീഴുന്നത് ഇവിടെ നിത്യസംഭവമാണ്. മഴക്കാലത്ത് നിരന്തരം മരകൊമ്പുകൾ ഒടിഞ്ഞു വീണ് വൈദ്യുതി കമ്പികൾ പൊട്ടിവീഴുന്നത് സമീപവാസികൾക്ക് ഏറെ ദുരിതങ്ങളാണ് സൃഷ്ടിക്കുന്നത്. പൊതു പ്രവർത്തകൻ ആർ.ബാലു ശ്രീകുമാർ നിരവധി തവണ പി.ഐ.പി അധികൃതർക്ക് പരാതി നൽകിയെങ്കിലും അധികാരികൾ വേണ്ട നടപടി സ്വീകരിച്ചിട്ടില്ല. അപകടം വിതക്കുന്ന മരങ്ങൾ എത്രയും പെട്ടന്ന് മുറിച്ചുമാറ്റണമെന്ന ആവശ്യം ശക്തമാണ്.