പത്തനംതിട്ട: നഗരത്തിൽ കഴിഞ്ഞ ദിവസം കൊവിഡ് 19 സ്ഥിരീകരിച്ച യുവാവ് സഞ്ചരിച്ച സ്ഥലങ്ങളിലും പൊതു ഇടങ്ങളിലും പത്തനംതിട്ട ഫയർ സ്റ്റേഷനിലെ ജീവനക്കാർ അണുനശീകരണം നടത്തി. പത്തനംതിട്ട പോസ്റ്റ് ഓഫീസ്, മിനി സിവിൽ സ്റ്റേഷൻ, ടൗൺ ഹാൾ, ഗാന്ധി സ്‌ക്വയർ,ബേക്കറി, റെസ്റ്റോറന്റ്, രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ വീട്, കട എന്നിവിടങ്ങളും സേന അണുമുക്തമാക്കി. പത്തനംതിട്ട ഫയർ ആൻഡ് റസ്‌ക്യൂ സ്റ്റേഷൻ ഓഫീസർ വി.വിനോദ് കുമാറിന്റെ നേതൃത്വത്തിൽ ഫയർ ഫോഴ്‌സ് ജീവനക്കാരായ എം.സി സതീഷ് കുമാർ, എം.രഞ്ജിത്ത്, സുരേഷ് കുമാർ എന്നിവർ ചേർന്നാണ് അണുനശീകരണ പ്രവർത്തനങ്ങൾ നടത്തിയത്.