പത്തനംതിട്ട:കൊവിഡ് ബാധിച്ച് ചികിത്സയ്ക്ക് ശേഷം രോഗമുക്തരായ റാന്നിയിലെ കുടുംബം ഇറ്റലിയിലേക്ക് മടങ്ങി. ഇവർക്ക് തിരികെപ്പോകാനുള്ള അനുമതി ലഭിച്ചത് കഴിഞ്ഞദിവസമാണ്. ഇന്നലെ രാവിലെ റാന്നിയിൽ നിന്ന് നെടുമ്പാശേരിയിലെത്തി അവിടെനിന്ന് ഹൈദരബാദിലേക്കു വിമാനം കയറി. ഹൈദരാബാദിൽ നിന്ന് ലണ്ടനിലേക്കാണ് ടിക്കറ്റ്. ലണ്ടനിൽ നിന്നാണ് പാരീസിലേക്കുള്ള യാത്ര.

റാന്നി ഐത്തല പട്ടയിൽ മോൻസി, ഭാര്യ രമണി, മകൻ റിജോ എന്നിവർക്ക് കഴിഞ്ഞ മാർച്ച് ഏഴിന് രാത്രിയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇറ്റലിയിൽ നിന്ന് ഫെബ്രുവരി 29ന് നാട്ടിലെത്തിയ കുടുംബത്തിലെ മൂന്നുപേർക്ക് രോഗം സ്ഥിരീകരിച്ചതോടെ അത് സംസ്ഥാനത്ത്കൊവിഡ് വ്യാപനത്തിന്റെ തുടക്കമായിരുന്നു. ആദ്യഘട്ടത്തിൽ ചൈനയിൽ നിന്നെത്തിയ മൂന്ന് വിദ്യാർത്ഥികളിൽ സംസ്ഥാനത്തു രോഗം കണ്ടെത്തുകയും അവരെ ചികിത്സിച്ച് സുഖപ്പെടുത്തുകയും ചെയ്തതിന്റെ ആശ്വാസത്തിൽ കഴിയുമ്പോഴാണ് ഇറ്റലിയിൽ നിന്നെത്തിയവരിലൂടെ രോഗവ്യാപനം കണ്ടെത്തുന്നത്. ഇവരോടൊപ്പം മോൻസിയുടെ സഹോദരനും ഭാര്യയ്ക്കും പിന്നാലെ കോട്ടയത്ത് ഇവരുടെ മകൾക്കും മരുമകനും റാന്നിയിൽ മാതാപിതാക്കൾക്കും രണ്ട് ബന്ധുക്കൾക്കും രോഗം സ്ഥിരീകരിച്ചതോടെ രണ്ടാംഘട്ട രോഗവ്യാപനമായി. കൊവിഡ് ചികിത്സാ പ്രൊട്ടോക്കോൾ സംസ്ഥാനത്ത് ആദ്യം നടപ്പാക്കിയതും പത്തനംതിട്ടയിലാണ്. റാന്നി കുടുംബവുമായി ബന്ധപ്പെട്ട് 1700 ആളുകൾ വിവിധ തലങ്ങളിലായി ക്വാറന്റൈനിലായി. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന റാന്നിയിലെ കുടുംബം മാർച്ച് 30നാണ് ആശുപത്രി വിട്ടത്.