പത്തനംതിട്ട : കൊവിഡ് കെയർ സെന്ററുകളിൽ വോളണ്ടീയർമാർ മെല്ലെമെല്ലെ കുറയുകയാണ്. ചിലയിടത്ത് വോളണ്ടിയർമാരേയില്ല. സെന്ററുകളുടെ പ്രവർത്തനെത്തെ ഇത് പ്രതികൂലമായി ബാധിക്കുന്നുണ്ട്. 136 കൊവിഡ് കെയർസെന്ററുകളാണ് ജില്ലയിലുള്ളത്. തുടക്കത്തിൽ ആവശ്യാനുസരണം ഇവരുടെ സേവനം ലഭിച്ചിരുന്നു.

വോളണ്ടീയർമാരാണ് ക്വാറന്റൈനിൽ കഴിയുന്നവർക്ക് സാധനങ്ങൾ എത്തിക്കുന്നത്.

സൗജന്യമായി ജോലി ചെയ്യുന്ന ഇവർക്ക് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടില്ല. ലോക് ഡൗൺ കാലത്ത് കോളേജ് വിദ്യാർത്ഥികളും ജോലിയുള്ളവരുമാണ് വോളണ്ടിയർമാരായി പ്രവർത്തിച്ചിരുന്നത്. അദ്ധ്യയനം തുടങ്ങി സ്ഥാപനങ്ങൾ തുറന്നതോടെ ഇവരെല്ലാം മടങ്ങി. സന്നദ്ധ സംഘടനകളിലുള്ളവരാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. സ്വന്തം ചെലവിലാണ് ഇവർ ജോലി ചെയ്യുന്നത്.

-----

വിശ്രമമില്ലാതെ ഒാഫീസർമാർ

സെന്ററുകളിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാർക്ക് കൃത്യമായ ജോലിസമയം പോലുമില്ല. എട്ട് മണിക്കൂറാണ് ജോലി സമയം പറഞ്ഞിരിക്കുന്നതെങ്കിലും ചിലപ്പോൾ 12 മണിക്കൂർ ജോലി ചെയ്യേണ്ടി വരും. 24 മണിക്കൂർ ജോലി ചെയ്താൽ മൂന്ന് ദിവസം കഴിഞ്ഞ് വന്നാൽ മതി. ക്വാറന്റൈനിലുള്ള ആർക്കെങ്കിലും രോഗമുണ്ടെന്നറിഞ്ഞാൽ എ.ഒമാരെയോ വോളണ്ടീയർമാരെയോ പരിശോധനയ്ക്ക് വിധേയമാക്കുന്നുമില്ല.
വനിതാ ജീവനക്കാർക്ക് ആവശ്യമായ സൗകര്യം പലയിടത്തുമില്ല. ബാത്റൂം പോലുമില്ലാത്ത സ്ഥലങ്ങളുണ്ട്. ശുചീകരണ തൊഴിലാളികൾക്ക് സുരക്ഷാ സംവിധാനങ്ങളില്ല. പഞ്ചായത്തുകൾക്കാണ് കൊവിഡ് കെയർസെന്ററുകളുടെ ചുമതല.

-----------------------------

കൊവിഡ് കെയർ സെന്ററുകൾക്ക് സംരക്ഷണം ഒരുക്കാൻ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഡോ.കെ.എൽ. ഷീജ

പത്തനംതിട്ട ഡി.എം.ഒ