പത്തനംതിട്ട : മാസ്കും സാനിറ്റൈസറും എല്ലാം ഉണ്ടെങ്കിലും ജില്ലയിൽ കൊവിഡ് വർദ്ധിക്കുന്നതിനാൽ ആശങ്കയിലാണ് ജില്ലയിലെ കെ.എസ്.ആർ.ടി.സി കണ്ടക്ടർമാരും ഡ്രൈവർമാരും.പൊതുഗതാഗതം ആരംഭിച്ചപ്പോൾ മുതൽ ജോലി ചെയ്യുന്നവരാണിവർ. ഇവർക്ക് ഇതുവരേയും കൊവിഡ് ടെസ്റ്റ് നടത്തിയിട്ടില്ല. ബസുകൾ ദിവസവും അണുവിമുക്തമാക്കുന്നുണ്ടെങ്കിലും മാസ്ക് ധരിക്കാതെയും അല്ലാതെയും പലരും ബസുകളിൽ കയറാറുണ്ടെന്ന് കണ്ടക്ടർമാർ പറയുന്നു.പ്രായമാവരും ഇക്കൂട്ടത്തിൽപ്പെടും.അവരോട് മാസ്ക് ധരിക്കാൻ പറഞ്ഞാൽ ദേഷ്യത്തോടെയാണ് നോക്കുന്നത്.ചില‌ർ ബസിൽ ഇരുന്ന് പുറത്തേക്ക് തുപ്പും. ഓടിക്കൊണ്ടിരിക്കുന്ന ബസിൽ നിന്നുപോലും ആളുകൾ ഇങ്ങനെ ചെയ്യുമ്പോൾ നിസഹായരായി നിൽക്കാനേ കഴിയു.

അധികൃതർ കണ്ടില്ലെന്ന മട്ട്

തിരുവല്ലയിലും പത്തനംതിട്ടയിലും കൊവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയിലെ ഭൂരിഭാഗം ജീവനക്കാരും ആശങ്കയിലാണ്. ആളുകൾ എവിടെ നിന്ന് വരുന്നുവെന്നോ എപ്പോൾ വരുന്നുവെന്നോ അറിയാൻ കഴിയില്ലെന്ന് ജീവനക്കാർ പറയുന്നു.ജില്ലയിൽ ആകെ ആറ് ഡിപ്പോകളുണ്ട്.എല്ലായിടത്തും ഇരുന്നൂറിനടുത്ത് ജീവനക്കാരും ഉണ്ട്. കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് വരുന്ന ജീവനക്കാരും ഡിപ്പോകളിൽ ജോലി ചെയ്യുന്നുണ്ട്.ഇവർക്കുപോലും കൊവിഡ് ടെസ്റ്റ് നടത്താൻ അധികൃതർ ശ്രമിക്കുന്നില്ലെന്ന് ജീവനക്കാർ പറയുന്നു.വനിതാ കണ്ടക്ടർമാരടക്കം നിരവധി കണ്ടക്ടർമാർ ജീവനക്കാർ കുറവായതിനാൽ നിരന്തരം ജോലിചെയ്യുകയാണിപ്പോൾ. ഇതൊന്നും കണ്ടില്ലെന്ന മട്ടാണ് അധികൃതർക്ക്.

"ജീവനക്കാരെ എല്ലാവരേയും കൊവിഡ് ടെസ്റ്റിന് വിധേയരാക്കണം. കണ്ടക്ടർമാർക്കോ അല്ലെങ്കിൽ ഡിപ്പോകളിലെങ്കിലും തെർമൽസ്കാനർ നൽകാൻ സർക്കാർ തയാറാകണം.ഇതുവരേയും ഒരു ടെസ്റ്റിനും കണ്ടക്ടറേയും ഡ്രൈവറേയും വിധേയരാക്കിയിട്ടില്ല.

സി.കെ മണി

(മല്ലപ്പള്ളി കെ.എസ്.ആർ.ടി.ഇ.എ സെക്രട്ടറി)​

-ജീവനക്കാർക്ക് ഇതുവരെ കൊവിഡ് ടെസ്റ്റ് നടത്തിയിട്ടില്ല

-ജില്ലയിൽ 6 ഡിപ്പോകൾ

-200 ജീവനക്കാർ