തിരുവല്ല: അക്കരെയിക്കരെ നിൽക്കുന്ന മുളങ്കാടുകളും മാലിന്യവും അനധികൃത കൈയേറ്റവും വ്യാപകമായതോടെ മണിപ്പുഴത്തോടിന് മഴക്കാലമായിട്ടും ഒഴുകാനാകുന്നില്ല.മണിമലയാറ്റിൽ നെടുമ്പ്രം പഞ്ചായത്തിലെ അഞ്ചുപറ കടവിൽ നിന്നും തുടങ്ങി തിരുവല്ല നഗരസഭയുമായി അതിരുപങ്കിട്ട് പെരിങ്ങര,ചാത്തങ്കരി,സ്വാമിപാലം വരെ ഒഴുകുന്ന തോടിനാണ് ദുർഗതി.ആറ്റുതീരങ്ങളിൽ വ്യാപകമായിരിക്കുന്ന മുളങ്കാടുകൾ വളർന്നുപന്തലിച്ച് പലയിടത്തും തോടിന് കുറുകെ കിടക്കുകയാണ്. ഇതുകാരണം ചെറിയ വള്ളങ്ങൾക്ക് പോലും പോകാനാകില്ല. ഇതോടൊപ്പം കുളവാഴയും മാലിന്യങ്ങളും മറ്റും ഒഴുകിയെത്തി മിക്കഭാഗങ്ങളിലും കെട്ടിക്കിടക്കുകയാണ്.സമൃദ്ധമായി വീതിയുണ്ടായിരുന്ന തോട്ടിൽ അനധികൃത കൈയേറ്റവും വ്യാപകമാണ്. പ്രളയത്തിൽ ഒഴുകിയെത്തിയ എക്കലും തോട്ടിൽ കുമിഞ്ഞു കൂടിയിട്ടുണ്ട്. മണിപ്പുഴയിൽ പുതിയ പാലം നിർമ്മിച്ചപ്പോൾ ഉണ്ടാക്കിയ തടയണ നീക്കം ചെയ്യാതിരുന്നതും സുഗമമായ നീരൊഴുക്കിന് തടസമായി.പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് കഴിഞ്ഞവർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി പ്രധാനമന്ത്രി കൃഷി സിഞ്ചായ് യോജനപ്രകാരം തോടിന്റെ പെരിങ്ങര കണ്ണാട്ടുകുഴി ഭാഗം മുതൽ ചാത്തങ്കരി ഭാഗം ആഴംകൂട്ടി ശുചീകരിച്ചു.എന്നാൽ തോടിന്റെ തുടക്കഭാഗം മുതൽ പെരിങ്ങര വരെയുള്ള ഭാഗം മലിനമാണ്. മണിപ്പുഴ,പെരിങ്ങര പാലങ്ങളുടെ സമീപത്ത് കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ ജലനിരപ്പ് ഉയർന്നിട്ടും ഒഴുകിപ്പോകുന്നില്ല.
ജനകീയ ഇടപെടൽ വേണം
പുളിക്കീഴ് ഷുഗർ ഫാക്ടറി ഉണ്ടായിരുന്ന കാലത്ത് വലിയ വള്ളങ്ങളിൽ കർഷകർ കരിമ്പ് കൊണ്ടുപോകാൻ ഈ തോടിനെ ആശ്രയിച്ചിരുന്നു.കൂടാതെ യാത്രാ ബോട്ടുകൾ പോലും തോട്ടിലൂടെ എത്തിയിരുന്നതാണ്.എന്നാലിപ്പോൾ ചങ്ങാടത്തിൽ പോലും പോകാനാകില്ല.ജനവാസമേഖലയിലെ ഈ ജീവനാഡിയുടെ ദുരവസ്ഥ കൃഷിക്കും പ്രദേശവാസികൾക്കും ദോഷകരമായിരിക്കുകയാണ്. വരട്ടാർ മാതൃകയിൽ ജനകീയ പങ്കാളിത്തത്തോടെ തോട് ശുചീകരിക്കാൻ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ രംഗത്ത് വരണമെന്ന ആവശ്യം ശക്തമാണ്.
-----------------------------------------------------------
-മണിപ്പുഴ തോട് ശുചീകരണത്തിന് 34 ലക്ഷം അനുവദിച്ചു
-അഞ്ചുപറപ്പടി മുതൽ സ്വാമിപാലം വരെ 3.5കി.മി തോട് ആഴംകൂട്ടി ശുചീകരിക്കും
-സർവേ ജോലികൾ അവസാനഘട്ടത്തിൽ
- ഡിസംബറിന് മുമ്പ് പദ്ധതി പൂർത്തിയാക്കും
--------------------------------------------------------
തോടിന്റെ വീതികൂട്ടി മരങ്ങളും മാലിന്യങ്ങളും നീക്കി നീരൊഴുക്ക് സുഗമമാക്കും. മണിപ്പുഴയിലെ തടയണയും നീക്കും.ഇതോടൊപ്പം തോടിന്റെ തുടക്കഭാഗത്തെ തിരുവമ്പാടി തോടിന്റെ 100 മീറ്റർ ഭാഗം ശുചീകരിക്കും.പറപ്പാത്തി പാടത്ത് കനൽ അറ്റകുറ്റപ്പണി,രണ്ടിടത്ത് സംരക്ഷണഭിത്തി എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ശ്രീകല
(മൈനർ ഇറിഗേഷൻ വകുപ്പ്
അസി.എക്സി.എൻജിനിയർ)