പത്തനംതിട്ട: അപകടത്തിൽ പരിക്കേറ്റ് എട്ട് വർഷമായി ചലനമറ്റ് കിടക്കുന്ന വനിതാ വില്ലേജ് ഒാഫീസർ അജിതകുമാരിയുടെ കൊടുമൺ അങ്ങാടിക്കലിലെ വീട് ചിറ്റയം ഗോപകുമാർ എം.എൽ.എ സന്ദർശിച്ചു. ചികിത്സാ രേഖകളും ഭവന, വിദ്യാഭ്യാസ വായ്പകൾ തിരിച്ചടയ്ക്കാൻ കഴിയാതിരുന്നതിനെ തുടർന്ന് ലഭിച്ച ജപ്തി നോട്ടീസുകളും എം.എൽ.എ പരിശോധിച്ചു. ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കാതെ കിടക്കുന്ന വില്ലേജ് ഒാഫീസറുടെ സ്ഥിതി സംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളിലെ കേരളകൗമുദി റിപ്പോർട്ടുകൾ സഹിതം റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് ഇ - മെയിലായി കത്തയച്ചെന്ന് എം.എൽ.എ അറിയിച്ചു. ആറ് വർഷമായി ശമ്പളം ലഭിക്കാത്തതും ഇൻവാലിഡ് പെൻഷന് അപേക്ഷിച്ചതും മക്കളിൽ ഒരാൾക്ക് ജോലി വേണമെന്ന ആവശ്യവും മന്ത്രിയെ ധരിപ്പിച്ചു. അടുത്ത ദിവസം തിരുവനന്തപുരത്ത് എത്തി ഫയലുകൾ പരിശോധിച്ച് അർഹമായ എല്ലാ ആനുകൂല്യങ്ങളും നൽകാൻ നടപടിയെടുക്കുമെന്ന് മന്ത്രി ഉറപ്പു നൽകിയതായും ചിറ്റയം ഗോപകുമാർ പറഞ്ഞു.
കൊടുമൺ ഗ്രാമ പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻ ഐക്കാട് ഉദയകുമാർ, മുൻ അംഗം കെ.കെ. അശോകൻ, സി.വി.ചന്ദ്രൻ എന്നിവർ എം.എൽ.എയ്ക്കൊപ്പമുണ്ടായിരുന്നു.