മലയാലപ്പുഴ: തിരുവിതാംകൂർ ദേവസ്വം ബോർഡ് വെട്ടൂരിൽ ആരംഭിക്കാനിരുന്ന ലോകോളേജ് നഷ്ടമാകുമോയെന്ന് ആശങ്ക. കൊവിഡ് പശ്ചാത്തലത്തിൽ ക്ഷേത്രങ്ങളിൽ നിന്നുള്ള വരുമാനം കുറഞ്ഞതിനാൽ ദേവസ്വം ബോർഡ് നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം പദ്ധതി ഉപേക്ഷിച്ചേക്കുമെന്നാണ് സൂചന. ലോ കോളേജ് ആരംഭിക്കാനുള്ള സർക്കാർ നിർദ്ദേശത്തെ തുടർന്ന് 2019 മേയ് 18ന്അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാറും ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും വെട്ടൂർ ആയിരവില്ലൻ ക്ഷേത്ര പരിസരത്തുള്ള ഏഴേക്കർ സ്ഥലം സന്ദർശിച്ച് അനുയോജ്യമാണന്ന് കണ്ടെത്തിയിരുന്നു. വൈകാതെ കോളേ ജ് തുടങ്ങുമെന്നും പറഞ്ഞിരുന്നു. ഇതിനോടു ചേർന്ന റവന്യുഭൂമിയും കോളേജിനായി ഏറ്റെടുക്കാൻ അന്ന്തീരുമാനിച്ചിരുന്നു.
ഫെബ്രുവരി 28ന് കെ.യു. ജനീഷ് കുമാർ എം.എൽ.എ, ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു, മെമ്പർ കെ.എസ്. രവി എന്നിവരും സ്ഥലം സന്ദർശിച്ചു. ലോ കോളേജിന് താത്കാലിക കെട്ടിടങ്ങൾ നൽകാമെന്ന് ക്ഷേത്രോപദേശക സമിതിയും അറിയിച്ചു.കോവിഡ് പ്രതിസന്ധിയെ തുടർന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിലു ണ്ടായ വൻ വരുമാന നഷ്ടമാണ് പദ്ധതിക്ക് തിരിച്ചടിയായത്. ജീവനക്കാരുടെ ശമ്പളവും പെൻഷനും കൊടുക്കാനും ക്ഷേത്രങ്ങളിലെ നിത്യച്ചെലവുകൾ നടത്താനും ബുദ്ധിമുട്ടുന്ന അവസ്ഥയിലാണിപ്പോൾ ദേവസ്വം ബോർഡ്.
ജില്ലയിലെ വിദ്യാർത്ഥികൾ നിയമ വിദ്യാഭ്യാസത്തിനായി തിരുവന്ത പുരത്തെയും കൊച്ചിയിലെയും ലോ കോളേജുകളെയാണാശ്രയിക്കുന്നത്.. ജില്ലയിലെ വിദ്യാർത്ഥികൾക്ക് പുറമെ കോട്ടയം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ വിദ്യാർത്ഥികൾക്കും നിർദ്ദിഷ്ട ലോ കോളേജിന്റെ പ്രയോജനം ലഭിക്കുമായിരുന്നു.