പത്തനംതിട്ട: വടശേരിക്കരയിൽ ആൺകുട്ടികൾക്ക് മാത്രമായി പ്രവർത്തിക്കുന്ന ഗവ. മോഡൽ റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ് വൺ ഹ്യൂമാനിറ്റീസ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. കുടുംബവാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കുറവുള്ളവരായിരിക്കണം അപേക്ഷകർ. ആകെയുള്ള സീറ്റുകളിൽ 70 ശതമാനം പട്ടികവർഗക്കാർക്കും 20 ശതമാനം പട്ടികജാതിക്കാർക്കും 10 ശതമാനം മറ്റ് പൊതുവിഭാഗത്തിനുമായി സംവരണം ചെയ്തിട്ടുണ്ട്.

പട്ടികജാതി/മറ്റ് പൊതുവിഭാഗത്തിലുള്ള അപേക്ഷകരുടെ അഭാവത്തിൽ അവ പട്ടികവർഗ വിഭാഗക്കാർക്ക് മാറ്റി നൽകും.

അപേക്ഷാഫോറം സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഐ.ടി.ഡി പ്രോജക്ട് ഓഫീസ്/ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസ്/ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ്/ വടശേരിക്കര മോഡൽ റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിൽ ലഭിക്കും. അഡ്മിഷന് വെയിറ്റേജ് ലഭിക്കുവാൻ അർഹതയുള്ള ഇനങ്ങളിൽ ലഭിച്ച സർട്ടിഫിക്കറ്റ്, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ അപേക്ഷയോടൊപ്പം സമർപ്പിക്കണം. സർട്ടിഫിക്കറ്റുകളുടെയും ജാതി, വരുമാന സർട്ടിഫിക്കറ്റുകളുടെയും അസൽ അഡ്മിഷൻ നേടുന്ന സമയത്ത് ഹാജരാക്കണം.
പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം ഹോസ്റ്റൽ സൗകര്യം, ഭക്ഷണം, യൂണിഫോം, നൈറ്റ് ഡ്രസ്, ചെരുപ്പ് എന്നിവ സൗജന്യമായി ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലായ് 30.