അടൂർ : വിവാഹച്ചെലവുകൾക്കായി ബുദ്ധിമുട്ടിയ നിർദ്ധന യുവതിക്ക് ഫേസ്ബുക്ക് കൂട്ടായ്മ ഗ്ലോബൽ അടൂർ അംഗങ്ങൾ ഒന്നര ലക്ഷം രൂപ സമാഹരിച്ചു നൽകി. മാതാപിതാക്കൾ നഷ്ടപ്പെട്ട മാഞ്ഞാലി പടിഞ്ഞാറെവിള ലക്ഷംവീട് കോളനിയിലെ അർച്ചനയുടെ (27) സാമ്പത്തിക ക്ലേശം സംബന്ധിച്ച് ഗ്രൂപ്പിൽ ഇട്ട പോസ്റ്റാണ് വഴിത്തിരിവായത്. മൂന്ന് ദിവസം കൊണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളഗ്രൂപ്പിലെ സുമനസുകളുടെ കരുണയിൽ സമാഹരിച്ചത് ഒന്നര ലക്ഷം രൂപ. ഒപ്പം രണ്ട് സാരികളും.15 നാണ് അർച്ചനയുടെ വിവാഹം. ആലപ്പുഴ സ്വദേശിയാണ് വരൻ.വിവാഹ ധനസഹായം കഴിഞ്ഞ ദിവസം ഗ്ലോബൽ അടൂരിന്റെ അഡ്മിൻമാരുടെ സാന്നിദ്ധ്യത്തിൽ ചിറ്റയം ഗോപകുമാർ എം.എൽ.എ കൈമാറി. ഗ്ലോബൽ അടൂർ ഭാരവാഹികളായ അടൂർ പ്രദീപ്,വിബി വർഗീസ്, അംഗം ബിവിൻ വിജയൻ, വാർഡ് മെമ്പർ സരസ്വതി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.നേരത്തെ വിദേശത്ത് ജോലി നഷ്ടപ്പെട്ട ആറ് പ്രവാസികളെ യു.എ.യിൽ നിന്നും ഫ്ലൈറ്റ് ടിക്കറ്റ് എടുത്തു നൽകി ഗ്ലോബൽ അടൂർ യു.എ.ഇ ഗ്രൂപ്പ് സമാഹരിച്ച 1,20,000 രൂപ വിനിയോഗിച്ചായിരുന്നു ഈ ദൗത്യം.കൂടാതെ ഗ്രൂപ്പിന്റെ ഭാഗമായി ഓൺ ലൈൻ പഠനത്തിനായി അടൂർ ബോയ്സ് ഹൈസ്കൂൾ,നരിയാപുരം സെന്റ് പോൾസ് സ്കൂൾ,ഐക്കാട് എന്നീ സ്‌കൂളുകളിലെ 10 നിർദ്ധനരായ വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിനായി ഗ്ലോബൽ ടി.വി ചലഞ്ഞിന്റെ ഭാഗമായി ടി. വിയും സ്മാർട്ട് ഫോണുകളും വിതരണം ചെയ്തും ഈ ഗ്രൂപ്പ് മാതൃകയായി.