@ കുലശേഖരപതിയിൽ സമൂഹ വ്യാപനമെന്ന് സംശയം
പത്തനംതിട്ട: ഉറവിടം വ്യക്തമല്ലാത്ത രോഗപ്പകർച്ചയും സമൂഹ വ്യാപനത്തിന്റെ സാദ്ധ്യതയും വർദ്ധിച്ചതോടെ പത്തനംതിട്ട മുൾമുനയിലായി. കുലശേഖരപതി സ്വദേശിയായ വിദ്യാർത്ഥി നേതാവിന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ പ്രദേശവാസികളായ 42കാരനും 48കാരനും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. ഇവർ കുമ്പഴ ചന്തയിലെ വ്യാപാരികളും പൊതുപ്രവർത്തകരുമാണ്.
തമിഴ്നാട് ഉൾപ്പെടെ അന്യ സംസ്ഥനങ്ങളിൽ നിന്നെത്തിയ വ്യാപാരികളിലും കൊവിഡ് രോഗ വ്യാപനത്തിന് സാദ്ധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.
നഗരത്തിൽ ട്രിപ്പിൾ ലോക് ഡൗൺ ഏർപ്പെടുത്തണമെന്ന് ആരോഗ്യവകുപ്പ് ദുരന്തനിവാരണ വകുപ്പിന് റിപ്പോർട്ട് നൽകിയെങ്കിലും തൽക്കാലം കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചാൽ മതിയെന്നായിരുന്നു നിർദേശം.
ജനങ്ങൾ പരമാവധി ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എ.എൽ ഷീജ അറിയിച്ചു. പ്രതിരോധ മാർഗങ്ങൾ അവലംബിക്കുന്നതിൽ പിഴവുണ്ടായാൽ അതീവ ഗുരുതരമായ സാഹചര്യം ഉണ്ടാകും.
അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ ജനങ്ങൾ വീടുവിട്ട് പുറത്തിറങ്ങാൻ പാടുള്ളൂ. മുതിർന്ന പൗരന്മാരും കുട്ടികളും പുറത്തിറങ്ങാൻ പാടില്ല. ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈകഴുകുന്നത് കുട്ടികളും മുതിർന്നവരും ഉൾപ്പെടെ എല്ലാവരും ശീലമാക്കണം. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങരുത്. തെറ്റായി മാസ്‌ക്ക് ധരിക്കുന്നത് അത് ധരിക്കാതിരിക്കുന്നതിന് തുല്യമാണ്. സാമൂഹിക അകലം നിർബന്ധമായും പാലിക്കണം. വ്യാപാരസ്ഥാപനങ്ങൾ, വാഹനങ്ങൾ, പൊതുഇടങ്ങൾ തുടങ്ങി എല്ലാമേഖലകളിലും സമ്പർക്കം ഒഴിവാക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കണം. എല്ലാവരും ഒരുമിച്ചുനിന്ന് പ്രവർത്തിച്ചാൽ കൊവിഡിനെതിരെ വിജയിക്കാൻ നമുക്ക് കഴിയുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
---------------------
@ സമ്മേളനങ്ങളും ധർണകളും നിരോധിച്ചു
കൊവിഡ് 19 സമൂഹ വ്യാപനം തടയുന്നതിനായി പത്തനംതിട്ട, തിരുവല്ല നഗരസഭാ പരിധികളിൽ പൊതുസമ്മേളനങ്ങൾ, പ്രകടനങ്ങൾ, ധർണകൾ തുടങ്ങിയ കൂടിച്ചേരലുകൾ 14 വരെ ദുരന്ത നിവാരണ നിയമ പ്രകാരം നിരോധിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.
---------------
ഇന്നലെ 7 രോഗികൾ
പത്തനംതിട്ട :ജില്ലയിൽ ഇന്നലെ ഏഴു പേർക്ക് കൊവിഡ്19 സ്ഥിരീകരിച്ചു. ജൂൺ 19 ന് ഒമാനിൽ നിന്നെത്തിയ പന്തളം സ്വദേശിയായ 32 വയസുകാരൻ, 28 വയസുകാരി. ജൂലായ് ഒന്നിന് സൗദിയിൽ നിന്നെത്തിയ തടിയൂർ സ്വദേശിയായ 38 വയസുകാരൻ, 24 ന് ബഹ്‌റനിൽ നിന്നെത്തിയ കടപ്ര സ്വദേശിയായ 52 വയസുകാരൻ, ജൂൺ 22 ന് ഗുജറാത്തിൽ നിന്നെത്തിയ മൈലപ്ര, കുമ്പഴ സ്വദേശിയായ 60 വയസുകാരൻ, പത്തനംതിട്ട, കുലശേഖരപതി സ്വദേശിയായ 42 വയസുകാരൻ, കുലശേഖരപതി സ്വദേശിയായ 48 വയസുകാരൻ എന്നിവർക്കാണ് രോഗം . കുലശേഖരപതി സ്വദേശികൾക്ക് രോഗം ബാധിച്ചതിന്റെ ഉറവിടം കണ്ടെത്താൻ സമ്പർക്ക പരശോധന നടന്നുവരുന്നു. ജില്ലയിൽ ഇതുവരെ ആകെ 400 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്
--------------
എട്ടുപേർക്ക് സമ്പർക്കത്തിലൂടെ രോഗം
ജില്ലയിൽ ഇതുവരെ സമ്പർക്കത്തിലൂടെ രോഗം പിടിപ്പെട്ടത് എട്ടു പേർക്ക് . ഇതിൽ അഞ്ച് പേർക്ക് എങ്ങനെ രോഗം പിടിപ്പെട്ടുവെന്ന് കണ്ടെത്താനായിട്ടില്ല. പത്തനംതിട്ട ജനറൽ ആശുപത്രിയിലെ നഴ്‌സ്, റാന്നി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ, മല്ലപ്പുഴശേരിയിലെ ആശ പ്രവർത്തക, തിരുവല്ലയിലെ ലോറി ഡ്രൈവർ, പത്തനംതിട്ടയിലെ യുവജനനേതാവ്, കുലശേഖരപതി സ്വദേശികളായ രണ്ട് മത്സ്യ വ്യാപാരികൾ, പത്തനംതിട്ട ചന്തയിലെ വ്യാപാരി എന്നിവർക്കാണ് ഇതുവരെ സമ്പർക്കത്തിലൂടെ രോഗം പിടിപ്പെട്ടത്. ഇതിൽ ജനറൽ ആശുപത്രിയിലെ നഴ്‌സിന് രോഗം പിടിപ്പെട്ടതിെന്റ ഉറവിടം ആശുപത്രിയിൽ തന്നെയെന്ന് കണ്ടെത്തി.
റാന്നിയിൽ ഡോക്ടർക്ക് കൊവിഡ് സ്ഥികരിച്ചതെങ്ങനെയെന്ന് തിരിച്ചറിഞ്ഞിട്ടില്ല. നിരവധിരോഗികൾ വന്നുപോയ ആശുപത്രിയാണിത്. ജീവനക്കാരും രോഗികളും അടക്കം നീരീക്ഷണത്തിൽ കഴിയേണ്ട അവസ്ഥയാണ്. കൊവിഡ് സ്ഥിരികരിച്ച കുലശേഖരപതി സ്വദേശിയായ യുവനേതാവും നിരവധിപേരുമായി ബന്ധപ്പെട്ടിരുന്നു.