ഓമല്ലൂർ: റോഡ് നവീകരണത്തിനിടെ ബി.എസ്.എൻ.എൽ കേബിളുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് ഓൺലൈൻ പഠനത്തെ ബാധിക്കുന്നു. ഓമല്ലൂർ - ഇലന്തൂർ റോഡിൽ ഐമാലി വഴിയമ്പലത്തിന് സമീപമാണ് ബി.എസ്.എൻ.എൽ കേബിളുകൾക്ക് തകരാർ സംഭവിച്ചത്. റോഡ് പുനരുദ്ധാരണത്തിന്റെ ഭാഗമായി ഓടകൾ നവീകരിക്കുന്നതിനിടെയാണ് കേബിളുകൾ മുറിഞ്ഞത്. ഇരുനൂറോളം കണക്ഷനുകൾ നൽകാൻ കഴിയുന്ന കേബിളാണ് തകരാറിലായത്. ഇതോടെ പലവീടുകളിലെയും കുട്ടികളുടെ ഓൺ ലൈൻ പഠനവും മുടങ്ങി. റോഡുകളിൽ പണികൾ നടക്കുന്നത് മുൻകൂട്ടി പൊതുമരാമത്ത് വകുപ്പ് അറിയിക്കാറില്ലെന്ന് ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥർ പറയുന്നു. മണ്ണുമാന്തി ഉപയോഗിച്ച് പണികൾ ചെയ്യുമ്പോൾ കേബിളുകൾ തകരാറിലാകുന്നത് പതിവായിരിക്കുകയാണ്. വിലയേറിയ കേബിളുകളാണ് നഷ്ടപ്പെടുന്നത്. മാറ്റി സ്ഥാപിക്കാൻ ഇത്തരം കേബിളുകൾ ലഭ്യമല്ലെന്നാണ് ബി.എസ്.എൻ.എൽ അധികൃതർ പറയുന്നത്.