പത്തനംതിട്ട : കൊവിഡ് കാലത്ത് എംബിബിസ് രണ്ടാം വർഷം പ്രാക്ടിക്കൽ പരീക്ഷ നടത്തുന്നത് പ്രായോഗികമല്ലാത്തതുകൊണ്ട് പരീക്ഷ മാറ്റണമെന്ന് കേരള കോൺഗ്രസ് (എം) ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് വിക്ടർ ടി.തോമസ് ആവശ്യപ്പെട്ടു.കെ.എസ്.സി. ജില്ലാ നേതൃത്വ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ജോൺ ജി.അയ്യൻകോവിൽ അദ്ധ്യക്ഷത വഹിച്ചു.നിലവിൽ ആറ് മെഡിക്കൽ കോളേജുകളിൽ മാത്രമാണ് പരീക്ഷ മാറ്റിയത്. സമൂഹവ്യാപന ഭീഷണിയുള്ള ഈ സമയത്ത് സർവകലാശാല ബാക്കി കോളേജുകളിൽ പരീക്ഷ നടത്തിയതിന്റെ യുക്തി മനസിലാകുന്നില്ല. കേരള സർക്കാർ 10 ഉം 12 ഉം ക്ലാസ് പരീക്ഷകൾ നടത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ഈ സമൂഹ വ്യാപന സമയത്തും പരീക്ഷ നടത്താൻ തിടുക്കം കാണിക്കുന്നത്. പരീക്ഷ സമയം രോഗം ആർക്കെങ്കിലും പിടിപെട്ടാൽ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കുമോ എന്നും വിക്ടർ ടി.തോമസ് ചോദിച്ചു. സജിൻ ജോർജ്, ജെഫ് വിജു ഈശോ, സുജിൻ പി.തോമസ്,വിജയ് വിജു,ടിജോ തോമസ് എന്നിവർ സംസാരിച്ചു.