ചിറ്റാർ: നിരന്തരം കാട്ടാനകളുടേയും മറ്റ് വന്യജീവികളുടേയും ആക്രമണം കൊണ്ട് പൊറുതിമുട്ടിയ ചിറ്റാർ തെക്കേക്കര നിവാസികളുടെ പ്രശനങ്ങൾ കേൾക്കാൻ കെ. യു. ജനീഷ് കുമാർ എം.എൽ.എ. എത്തി.
ചൊവ്വാഴ്ച്ച വൈകിട്ട് 5 ന് എത്തിയ കർഷകർ , വാർഡംഗം , വടശ്ശേരിക്കര റേഞ്ച് ഫോറസ്റ്റ് ഓഫീസർ സി. വേണുകുമാർ ,ചിറ്റാർ ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ആർ. രാജേഷ്, എന്നിവരുമായാണ് തെക്കേക്കരയിൽ വച്ച് എംഎൽഎ ചർച്ച നടത്തിയത്.
ചിറ്റാർ തെക്കേക്കര, കൊടുമുടി വാർഡുകളുടെ വനാതിർത്തിയിൽ ആരംഭിച്ച കിടങ്ങ് നിർമ്മാണം പാതിവഴിയിൽ നിലച്ചതിനെ തുടർന്നാണ് പ്രദേശവാസികൾ എംഎൽഎ യെ സമീപിച്ചത്.
കാർഷിക മേഖലയായ തെക്കേക്കര,കൊടുമുടി വാർഡുകളിലെ ഏക്കറുകണക്കിന് കൃഷിയിടം ഇതിനകം കാട്ടാനകൾ നശിപ്പിച്ചിട്ടുണ്ട്.
കിടങ്ങ് നിർമ്മാണം പുനഃരാരംഭിക്കാനുള്ള നിർദ്ദേശം വനം വകുപ്പിനുനൽകി.
അതിനായി 10 ലക്ഷം രൂപ അനുവദിച്ചു.
വാലേൽ പടിഭാഗത്ത് കൊച്ചുമൺ തോടുവഴി ആനകൾ കൃഷിയിടത്തിലേക്ക് ഇറങ്ങുന്നുണ്ട്.
ഇവിടെ റയിൽ ഗർഡർ സ്ഥാപിക്കാനും തൊട്ടടുത്ത വല്യ മൺ ഭാഗത്ത് കിടങ്ങിലെ പാറപൊട്ടിച്ച് ആഴം കൂട്ടാനും നിർദേശം നൽകി.
കിടങ്ങു നിർമ്മാണം പൂർത്തിയാകുന്നതോടെ ചിറ്റാർ പഞ്ചായത്തിലെ തെക്കേക്കര കൊടുമുടി വാർഡുകൾ പൂർണ്ണമായും കാട്ടാനശല്യത്തിൽ നിന്ന് മുക്തമാകും.