തിരുവല്ല: നഗരത്തിൽ ദിക്കറിയാതെ വലഞ്ഞ അന്ധനായ വൃദ്ധന് സുപ്രിയ വഴികാട്ടിയായി. ഇതിന്റെ വീഡിയോ വൈറലായതോടെ അനുമോദന പ്രവാഹവുമെത്തി. തിരുവല്ല ജോളി സിൽക്സിലെ ജീവനക്കാരിയായ സുപ്രിയ ചൊവ്വാഴ്ച വൈകിട്ട് ആറിന് ജോലികഴിഞ്ഞ് വീട്ടിലേക്കുപോകാൻ ഭർത്താവിനെ കാത്തുനിൽക്കുമ്പോഴാണ് സംഭവം.
കുരിശുകവലയിലെ ആറ്റിൻകര ഇലക്ട്രോണിക്സിലെ സെയിൽസ്മാനായ ജോഷ്വ കെട്ടിടത്തിന്റെ നാലാംനിലയിൽ നിൽക്കുമ്പോഴാണ് വാഹനത്തിരക്കിനിടയിൽ ദിക്കറിയാതെ അലയുന്ന വയോധികനെ കാണുന്നത്. വാഹനങ്ങൾ വയോധികന് സമീപമെത്തി സഡൻബ്രേക്ക് ചെയ്യുന്നതും ഹോൺ മുഴക്കുന്നതും കണ്ട ജോഷ്വാ വയോധികനെ റോഡരികിലേക്ക് മാറ്റാനായി താഴേക്കിറങ്ങാനൊരുങ്ങി. അപ്പോഴാണ് സുപ്രിയ റോഡിന്റെ മദ്ധ്യഭാഗത്ത് നിന്നിരുന്ന വയോധികനെ കൈയ്ക്ക് പിടിച്ച് പാതയോരത്തേക്ക് മാറ്റുന്നതും കാര്യങ്ങൾ ചോദിച്ചറിയുന്നതും കണ്ടത്. തുടർന്നെത്തിയ കെ.എസ്.ആർ.ടി.സി ബസിന് സുപ്രിയ കൈകാട്ടി. അൽപ്പംമാറ്റി നിറുത്തിയ ബസിന് പിന്നാലെയോടി വിവരം പറയുന്നതും തിരികെയോടി വയോധികന്റെ കൈപിടിച്ച് ബസിനരികിൽ എത്തിച്ച് യാത്രയാക്കുന്നതുമായ ദൃശ്യങ്ങൾ ജോഷ്വാ മൊബൈൽ ഫോണിൽ പകർത്തി. വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. വീഡിയോ വൈറലായതോടെ വൃദ്ധനെ സഹായിച്ച സുപ്രീയയെ സഹപ്രവർത്തകയാണ് തിരിച്ചറിഞ്ഞു വിവരം അറിയിച്ചത്. നന്മനിറഞ്ഞ പ്രവർത്തിയെ അനുമോദിച്ച് ആലുക്കാസ് മാൾ മാനേജർ ഷെൽട്ടൺ വി.റാഫേൽ ഉൾപ്പടെ നിരവധിപ്പേർ അഭിനന്ദനം അറിയിച്ചതായി സുപ്രിയ പറഞ്ഞു. ആലപ്പുഴ തകഴി സ്വദേശിനിയായ സുപ്രിയ സുരേഷ്(33), തിരുവല്ല തുകലശേരി കല്ലംപറമ്പിൽ അനൂപിന്റെ ഭാര്യയും തിരുവല്ല ജോളി സിൽക്ക്സിലെ സെയിൽസ് ഗേളുമാണ്. ടൈൽ ഡിസൈനിംഗ് ജോലിക്കൊപ്പം മിമിക്രി കലാകാരൻ കൂടിയാണ് സുപ്രിയയുടെ ഭർത്താവ് അനൂപ്. ആറാം ക്ളസ്സുകാരനായ അശ്വിൻ, രണ്ടാംക്ലാസ്സുകാരി വൈഗ ലക്ഷ്മി എന്നിവരാണ് മക്കൾ.