കോന്നി : കൊവിഡ് വ്യാപനത്തെ തുടർന്ന് പത്തനംതിട്ട നഗരസഭ അടച്ചുപൂട്ടിയതോടെ സമീപ പ്രദേശമായ പ്രമാടം ഗ്രാമപഞ്ചായത്തിലും ജാഗ്രത. പ്രമാടത്തെ പ്രധാന മാർക്കറ്റായ പൂങ്കാവിലെ മത്സ്യ വ്യാപാരിയുടെ പത്തനംതിട്ട കുലശേഖരപതിയിലെ അടുത്ത ബന്ധുവിന് കൊവിഡ് സ്ഥിരീകരിച്ചതോടെ മത്സ്യ മാർക്കറ്റ് ഇന്നലെ അടച്ചു. രോഗബാധിതനുമായി സമ്പർക്കം പുലർത്തിയ മത്സ്യവ്യാപാരിയെ ക്വാറന്റൈനിലാക്കിയതോടെ മാർക്കറ്റിലെ മറ്റ് ജീവനക്കാരും നിരീക്ഷണത്തിൽ പോയി.

കഴിഞ്ഞ ദിവസം വിലക്ക് ലംഘിച്ച് പെട്ടി ഓട്ടോറിക്ഷയിൽ മത്സ്യ വ്യാപരത്തിന് എത്തിയ ആനപ്പാറ സ്വദേശിയെ നാട്ടുകാർ തടഞ്ഞു മടക്കി അയച്ചു.

പ്രമാടം നിവാസികൾ കച്ചവടങ്ങൾക്കും സാധനങ്ങൾ വാങ്ങുന്നതിനും ചികിത്സയ്ക്കും പ്രധാനമായി ആശ്രയിക്കുന്നത് പത്തനംതിട്ട നഗരത്തെയാണ്. പ്രമാടത്ത് മത്സ്യ വ്യാപാരത്തിനും വഴിയോര കച്ചവടങ്ങൾക്കും എത്തുന്നത് കൊവിഡ് വ്യാപനത്തെ തുടർന്ന് അടച്ചുപൂട്ടിയ കുലശേഖരപതി, ആനപ്പാറ, കുമ്പഴ തുടങ്ങിയ പ്രദേശങ്ങളിലുള്ളവരും. ഇത് ഏറെ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

പത്തനംതിട്ട നഗരത്തെയും പ്രമാടം ഗ്രാമപഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പാറക്കടവ് പാലം പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് ഇന്നലെ അടച്ചു. നഗരത്തിലേക്ക് അത്യാവശ്യ യാത്രക്കാരെ മാത്രമാണ് കടത്തി വിടുന്നത്. പത്തനംതിട്ട പൊലീസ് പ്രമാടത്ത് വാഹനങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകി. പ്രദേശത്ത് നിരീക്ഷണവും ശക്തമാക്കി. വ്യാപാര സ്ഥാപനങ്ങളിൽ പൊലീസിന്റെ നേതൃത്വത്തിൽ സമൂഹ അകലം ഉറപ്പുവരുത്തുന്നുണ്ട്. മാസ്ക് ഇല്ലാതെ പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നുണ്ട്.പ്രമാടത്ത് വിദേശത്ത് നിന്ന് എത്തിയവരും വീടുകളിൽ ക്വാറന്റൈനിൽ നിരീക്ഷണത്തിലുണ്ട്.

ജനങ്ങൾ ജാഗ്രത പാലിക്കണം

സാമൂഹ്യ അകലവും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കണം. പ്രമാടത്തുകാർ ദൈനംദിന ആവശ്യങ്ങൾക്ക് കൂടുതൽ ആശ്രയിക്കുന്നത് പത്തനംതിട്ട നഗരത്തെയാണ്. ഈ അടിയന്തര സാഹചര്യം എല്ലാവരും ഉൾക്കൊണ്ട് പ്രവർത്തിക്കണം. പഞ്ചായത്തും പൊലീസും ആരോഗ്യ വകുപ്പും നടപടികൾ കർശനമാക്കിയിട്ടുണ്ട്. വിലക്കുകൾ ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കും.

റോബിൻ പീറ്റർ

(പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്)