കോന്നി : പ്രാഥമിക നിർമ്മാണ ജോലികൾ പൂർത്തീകരിച്ച കോന്നി സർക്കാർ മെഡിക്കൽ കോളേജിൽ അടുത്ത മാസം ഒ.പി പ്രവർത്തനം തുടങ്ങും. എന്നാൽ വിദ്യാർത്ഥി പ്രവേശനം ഈ വർഷം ഉണ്ടാകില്ല. ഒ.പിയുടെ പ്രവർത്തനം മാത്രമായിരിക്കും ആരംഭിക്കുന്നത്. ജില്ലയിലെ പ്രധാന ആശുപത്രികളായ പത്തനംതിട്ട ജനറൽ ആശുപത്രിയും കോഴഞ്ചേരി ജില്ലാ ആശുപത്രിയും കൊവിഡ് ആശുപത്രികളാക്കിയതോടെ രോഗികൾ ചികിത്സയ്ക്കായി ബുദ്ധിമുട്ടുകയാണ്. ഈ സാഹചര്യത്തിലാണ് കോന്നി മെഡിക്കൽ കോളേജിൽ അടിയന്തരമായി ഒ.പി പ്രവർത്തനം തുടങ്ങാൻ നടപടി സ്വീകരിക്കുന്നത്. പരിസ്ഥിതി അനുമതി ലഭിച്ചാലുടൻ ഒ.പി പ്രവർത്തനം ആരംഭിക്കാനാകും.
ജീവനക്കാരെ ഈ മാസം നിയമിക്കും
മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഓഫീസും സൂപ്രണ്ട് ഓഫീസും ഈ മാസം പ്രവർത്തനം തുടങ്ങും. ഒ.പി ആരംഭിക്കുന്നതിന്റെ ഭാഗമായി 68 പുതിയ തസ്തികകൾക്ക് അടിയന്തര അംഗീകാരം തേടി സർക്കാരിലേക്ക് ശുപാർശ നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ ഇതര മെഡിക്കൽ കോളേജുകളിൽ നിന്ന് ജോലി ക്രമീകരണവ്യവസ്ഥയിൽ കോന്നിയിലേക്ക് ജീവനക്കാരെ എത്തിക്കാനാണ് തീരുമാനം.
അടിസ്ഥാന സൗകര്യം ഏർപ്പെടുത്തും
ഫർണിച്ചറുകൾക്കും അനുബന്ധ ഉപകരണങ്ങൾക്കുമായി എം.എൽ.എ ഫണ്ടിൽ നിന്ന് ഒരു കോടി രൂപ നൽകും. ജീവനക്കാർക്ക് താമസ സൗകര്യം ഏർപ്പെടുത്തും. മെഡിക്കൽ കോളേജ് റോഡിൽ അറ്റകുറ്റപ്പണി നടത്തും. ദുർഘടമായ ഭാഗങ്ങളിൽ പൂട്ടുകട്ട പാകും. വാഹന സൗകര്യം ലഭ്യമാക്കുന്നതിനായി ബസ് സർവ്വീസ് ആരംഭിക്കാൻ കെ.എസ്.ആർ.ടി.സിയ്ക്ക് കത്ത് നല്കും.
വെള്ളം എത്തിക്കുന്നതിന് താല്കാലിക സംവിധാനം ഏർപ്പെടുത്തും. മെഡിക്കൽ എഡ്യുക്കേഷൻ ഡപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലിള്ള സംഘം കഴിഞ്ഞ ആഴ്ച മെഡിക്കൽ കോളേജ് സന്ദർശിച്ചിരുന്നു.
ഒരുക്കിയ സൗകര്യങ്ങൾ
1. വാർഡുകൾ : 10
2.കിടക്കകൾ : 300
3. ടോയ്ലറ്റുകൾ: 280
നടപടികൾ അന്തിമ ഘട്ടത്തിൽ
മെഡിക്കൽ കോളേജിൽ ഒ.പി വിഭാഗം അടുത്ത മാസം പ്രവർത്തനം ആരംഭിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പാരിസ്ഥിതിക അനുമതി ലഭിച്ചാലുടൻ പ്രവർത്തനം തുടങ്ങും. ലോക്ക് ഡൗൺ ആണ് പ്രതിസന്ധികൾ സൃഷ്ടിച്ചത്. കിഫ്ബിയുടെ ചുമതലയിൽ 330 കോടിയുടെ രണ്ടാം ഘട്ട നിർമ്മാണം ഉടൻ തുടങ്ങും.
കെ.യു. ജനീഷ് കുമാർ എം.എൽ.എ