തിരുവല്ല: മൂന്നുവർഷം മുമ്പ് നിർമ്മിച്ച കലുങ്കിന് ഇനിയും അപ്പ്രോച്ച് റോഡില്ല. നെടുമ്പ്രം പഞ്ചായത്തിലെ കൊച്ചുചിറപ്പടി കലുങ്കിനാണ് സഞ്ചാരയോഗ്യമായ അപ്പ്രോച്ച് റോഡ് നിർമ്മിക്കാത്തത്. ഇതുകാരണം കലുങ്കിലൂടെ അക്കരെയിക്കരെ കടക്കാൻ നാട്ടുകാരെ ബുദ്ധിമുട്ടുകയാണ്. പൊടിയാടി- മണിപ്പുഴ റോഡിനെയും പുളിക്കീഴ് -കല്ലുങ്കൽ റോഡിനെയും ബന്ധിപ്പിച്ചാണ് വർഷങ്ങൾക്ക് മുമ്പ് കലുങ്ക് നിർമ്മിച്ചത്. പൊടിയാടി ജംഗ്‌ഷനിലേക്കും കല്ലുങ്കൽ, ഓട്ടാഫീസ്, മണിപ്പുഴ എന്നിവിടങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ ഈ കലുങ്ക് നാട്ടുകാർക്ക് ഉപകാരപ്രദമാണ്. നൂറുമീറ്ററോളം ദൂരമേ അപ്പ്രോച്ച് റോഡിനുള്ളൂ. ഇതിനായി സ്ഥലവും ഏറ്റെടുത്തിട്ടുണ്ട്.അപ്പ്രോച്ച് റോഡ് നിർമ്മിക്കാത്തതിനാൽ കുഴിയിലെ ചെളിവെള്ളത്തിലൂടെ നീന്തിയാണ് നാട്ടുകാരുടെ യാത്ര.മഴക്കാലമായതോടെ കുഴികളിലെല്ലാം ഒഴുകിപ്പോകാതെ വെള്ളം കെട്ടികിടക്കുകയാണ്.കുട്ടികളും വൃദ്ധരും സ്ത്രീകളും ഉൾപ്പെടെയുള്ളവർ വർഷങ്ങളായി ഈദുരിതം അനുഭവിക്കുകയാണ്. കലുങ്കിന് കൈവരികളും സ്ഥാപിച്ചിട്ടില്ലാത്തത് അപകടഭീഷണി ഉയർത്തുന്നു.
കൊച്ചുചിറപ്പടിയിൽ അപ്പ്രോച്ച് റോഡ് നിർമ്മിക്കാൻ 1.6 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.കലുങ്കിന് ഇരുവശങ്ങളിലും കൈവരിയും ഘടിപ്പിക്കും.കൊവിഡ് 19 കാരണമാണ് റോഡ് നിർമ്മാണം നീണ്ടുപോയത്.
പണികൾ ഉടനെ പൂർത്തിയാക്കും
കെ.ജി.സുനിൽകുമാർ
(നെടുമ്പ്രം പഞ്ചായത്ത് പ്രസിഡന്റ്)
-പൊടിയാടി ജംഗ്‌ഷനിലേക്കും കല്ലുങ്കൽ, ഓട്ടാഫീസ്, മണിപ്പുഴ എന്നിവിടങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാം..
-1.6 ലക്ഷം അനുവദിച്ചു
- കലുങ്കിന് കൈവരി സ്ഥാപിച്ചിട്ടില്ല