തിരുവല്ല: കേരളാ കോൺഗ്രസ് (എം) പെരിങ്ങര മണ്ഡലം കമ്മിറ്റി യോഗം പാർട്ടി ചെയർമാൻ ജോസ്.കെ.മാണിയുടെ നിലപാടിന് പിന്തുണ പ്രഖ്യാപിച്ചു.പാർട്ടി മുൻപും സ്വതന്ത്ര നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും യു.ഡി.എഫ് നേതൃത്വം പാർട്ടിയെ മുന്നണിയിൽ നിന്നും അകാരണമായി മാറ്റി നിറുത്തിയതിനെ തുടർന്നാണ് സ്വതന്ത്ര നിലപാടെടുക്കാൻ പാർട്ടി നേതൃത്വം തയാറായത്. നിലവിൽ കേരളാ കോൺഗ്രസ് യു.പി.എയുടെ ഭാഗമാണെന്നുള്ള ചെയർമാന്റെ വെളിപ്പെടുത്തൽ പാർട്ടിയംഗങ്ങൾക്ക് ഉണർവ് പകർന്നിട്ടുണ്ടെന്നും യോഗം വിലയിരുത്തി. ജില്ലാ പഞ്ചായത്തംഗം സാം ഈപ്പന്റെ സാന്നിദ്ധ്യത്തിൽ നടന്ന യോഗത്തിൽ മണ്ഡലം പ്രസിഡന്റ് ജോൺ ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ മേപ്രാൽ കണിയാംപറമ്പിൽ നേഹാ സാമിനെ അനുമോദിച്ചു.സെക്രട്ടറി ജേക്കബ് ചെറിയാൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജൻ വറുഗീസ്,മുൻ പ്രസിഡന്റ് ബീനാ ജേക്കബ്,സ്ഥിരംസമിതി അദ്ധ്യക്ഷരായ ആനി ഏബ്രഹാം, റേച്ചൽ തോമസ് എന്നിവർ സംസാരിച്ചു.