അടൂർ: ട്രാൻസ്ഫോർമർ മാറ്റിവെയ്ക്കാത്തതാണ് നഗരഹൃദയത്തിലെ ഇരട്ടപ്പാല നിർമ്മാണം മുടങ്ങാൻ കാരണമെന്ന് കരാറുകാരന്റെ മുടന്തൻ ന്യായം.പരാതി ഒഴിവാക്കാൻ 11കെ.വി ലൈനിലെ വൈദ്യുതി വിതരണം നിറുത്തിവച്ച് മാറ്റി സ്ഥാപിക്കൽ നടക്കുന്നത് കാരണം ഓൺലൈൻ പഠനം മുടങ്ങി നൂറ് കണക്കിന് വിദ്യാർത്ഥികളും.അതേ സമയം യാതൊരു തടസവുമില്ലാത്ത തെക്കു ഭാഗത്തെ പാലത്തിന്റെ ഗർഡർ സ്ഥാപിക്കാൻ പോലും കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ കരാറുകാരന് കഴിഞ്ഞില്ല.പാലംപണിയുടെ തുടക്കം മുതൽ കരാറുകാരൻ കാട്ടുന്ന അനാസ്ഥ കാരണം കിഫ്ബി ബോർഡ് ഇടയ്ക്ക് പണി നിർത്തിവെപ്പിച്ചതാണ്.വൈദ്യുതി ബോർഡ് ട്രാൻസ്ഫോർമർ മാറ്റി നൽകാത്തത് കാരണമാണ് നിശ്ചിത കാലാവധിയിൽ പണി പൂർത്തീകരിക്കാൻ കഴിയാതെ വന്നതെന്ന മുടന്തൻ ന്യായം നിരത്തിയാണ് പണിതുടരാൻ വീണ്ടും അനുമതി നേടിയെടുത്തത്.ആദ്യം വൈദ്യുതി ബോർഡിന്റെ തലയിൽ പഴിചാരി രക്ഷപെട്ട കരാറുകാരൻ പിന്നീട് കൊവിഡിന്റെ പേരുപറഞ്ഞ് പണിമുടക്കി.അന്യ സംസ്ഥാന തൊഴിലാളികൾ നാടുകളിലേക്ക് മടങ്ങിയതു കാരണം തൊഴിലാളികൾ ഇല്ലെന്ന ന്യായമാണ് ഇപ്പോഴത്തേത്. പരാതി ഒഴിവാക്കാൻ ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കുന്നതിനായി കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയിൽ മൂന്ന് ദിവസമാണ് രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം നഗരത്തിൽ നിറുത്തിവെയ്ക്കേണ്ടി വന്നത്.വൈദ്യുതിയെ ആശ്രയിച്ച് ഓൺ ലൈൻ പഠനം നടത്തിവരുന്ന നൂറ്കണക്കിന് വിദ്യാർത്ഥികളുടെ വിലയേറിയ ക്ലാസുകളാണ് ഇത് കാരണം നഷ്ടമായത്.അതേ സമയം നിർമ്മാണത്തിന് യാതൊരു തടസവുമില്ലാത്ത തെക്കുഭാഗത്തെ പാലത്തിന്റെ ഇരുകരയിലേയും പില്ലറുകളുടെ നിർമ്മാണം പൂർത്തീകരിച്ചിട്ട്ആഞ്ച് മാസത്തോളമായെങ്കിലും തുടർ ജോലികൾ ഒന്നും നടക്കുന്നില്ല.ഇക്കാര്യത്തിൽ പൊതുമരാമത്ത് ഉദ്യോഗസ്ഥർ തികഞ്ഞ അസംതൃപ്തിയിലാണ്.

ഇരട്ടപ്പാലങ്ങളുടെ നിർമ്മാണ ചെലവ് -11.1 കോടി

കരാർ കാലാവധി - 1 വർഷം.

നിർമ്മാണം ആരംഭിച്ചത് - 2018

ഇതുവരെ പൂർത്തിയായത് - 30 ശതമാനം

ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ വൈദ്യുതി മുടക്കേണ്ടി വരുന്നത് ബോധപൂർവമല്ല.തങ്ങൾ കാരണമാണ് പാലത്തിന്റെ പണി മുടക്കിയതെന്ന പേരുദോഷം മാറ്റാൻ വേണ്ടിയാണ് ധൃതഗതിയിൽ ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കുന്നത്.

ആർ.ഷാജി.

അസി.എക്സിക്യൂട്ടീവ് എൻജിനിയർ

(കെ.എസ്.ഇ.ബി,അടൂർ)

വൈദ്യുതി ബോർഡ് പകൽ മുഴുവൻ വൈദ്യുതി ബന്ധം വിഛേദിക്കുന്നത് കുട്ടികളോട് കാട്ടുന്ന ക്രൂരതയാണ്. അവധി ദിവസങ്ങൾ വേണം ഇതിനായി തെരഞ്ഞെടുക്കേണ്ടത്.

ഏഴംകുളം അജു

(പൊതുപ്രവർത്തകൻ)