police

പത്തനംതിട്ട: കൊവിഡ് വ്യാപനത്തെ തുടർന്ന് നഗരം കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചതോടെ നിരത്തുകളിൽ ആളൊഴിഞ്ഞു. കടകൾ അടഞ്ഞു. പൊതുഗതാഗതം നിരോധിച്ചതിനാൽ പത്തനംതിട്ടയിൽ നിന്നുള്ള കെ.എസ്.ആർ.ടി.സി, സ്വകാര്യബസുകൾ സർവീസ് നടത്തിയില്ല. കളക്ടറേറ്റിൽ റവന്യു, ദുരന്ത നിവാരണ വിഭാഗങ്ങൾ മാത്രമാണ് പ്രവർത്തിച്ചത്. ജില്ലാ ആസ്ഥാനത്തെ മറ്റ് സർക്കാർ ഒാഫീസുകൾ പ്രവർത്തിക്കുന്നില്ല. ബാങ്കുകൾ അടച്ചു. ഇതിന് മുൻപ് റാന്നിയിലെ കുടുംബത്തിന് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ ജില്ള ലോക്ക് ഡൗണിലായതുപോലെയാണ് നഗരത്തിലെ ഇപ്പോഴത്തെ സ്ഥിതി.

നഗരാതിർത്തികളിൽ ഇന്നലെ രാവിലെ പൊലീസ് ബാരിക്കേഡ് വച്ച് അടച്ചു.

നഗരത്തിൽ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളുടെയും ഹോട്ടലുകളുടെയും പ്രവർത്തനം രാവിലെ 11 മുതൽ വൈകിട്ട് അഞ്ച് വരെയാക്കി. അഞ്ച് മണിക്ക് ശേഷം തുറന്ന കടകൾ പൊലീസ് അടപ്പിച്ചു. കൊവിഡ് വ്യാപനമുണ്ടായ കുലശേഖരപതിയിൽ ഇടറോഡുകളിൽ നിന്ന് പ്രധാന പാതയിലേക്കുള്ള പ്രവേശനവും പൊലീസ് തടഞ്ഞു. സർക്കാർ പൊതുപരിപാടികൾ മാറ്റിവച്ചു. പ്രകടനങ്ങളും ധർണകളും സമ്മേളനങ്ങളും നഗരത്തിൽ നിരോധിച്ചിട്ടുണ്ട്. ഇൗ മാസം 14 വരെ ഇൗ സ്ഥിതി തുടർന്നേക്കും. ബസുകൾക്ക് നഗരാതിർത്തിയിൽ വരെ സർവീസ് നടത്താവുന്നതാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

റാന്നി പഞ്ചായത്തിലെ ഒന്ന് രണ്ട് വാർഡുകളിലും തിരുവല്ല നഗരസഭയിലും കുളനടയിലും കണ്ടെയ്ൻമെന്റ് സോണിലേക്കുള്ള പ്രവേശനം നിരോധിച്ചു.

കുമ്പഴ, വെട്ടൂർ, മലയാലപ്പുഴ, കല്ലറക്കടവ്, സന്തോഷ് മുക്ക്, വെട്ടിപ്രം, മുണ്ടുകോട്ടയ്ക്കൽ, വാര്യാപുരം എന്നിവിടങ്ങളിൽ നഗരത്തിലേക്കുള്ള പ്രവേശനം വിലക്കി.