manju
മഞ്ജു

ഒാമല്ലൂർ: അന്നനാളം ചുരുങ്ങുന്ന അപൂർവ രോഗം പിടിപെട്ട ഉൗന്നുകൽ വാലുതറ പൂങ്കാവിൽ പുത്തൻവീട്ടിൽ മഞ്ജു അടിയന്തര ശസ്ത്രക്രിയയ്ക്ക് ഉദാരമതികളുടെ കനിവ് തേടുന്നു. മൂന്ന് മാസമായി ഭക്ഷണം കഴിക്കാനാവാതെ അവശയാണ് ഇൗ മുപ്പതുകാരി. വെള്ളം വായിലേക്ക് ഇറ്റുവീഴ്ത്തി ഇറക്കാൻ മാത്രമേ കഴിയുന്നുള്ളൂ. ഏഴ് മാസം പ്രായമുള്ള ആൺകുട്ടിയെ ഒാമനിക്കാൻ പോലുമാകാതെ മഞ്ജു തളർന്നു. ആറ് വയസുള്ള ഒരു ആൺകുട്ടി കൂടിയുണ്ട്.

രണ്ട് മുൻപ് മുതൽ ആഹാരം കഴിക്കുമ്പോൾ ഇടയ്ക്കിടെ ഛർദിക്കുമായിരുന്നു. പല മരുന്നുകൾ കഴിച്ചിട്ടും ഫലമുണ്ടായില്ല. മൂന്ന് മാസം മുൻപ് ആഹാരം ഉള്ളിലേക്ക് ഇറങ്ങാതായപ്പോൾ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് അന്നനാളം ചുരുങ്ങിയതായി കണ്ടെത്തിയത്. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാണിച്ചു. അടിയന്തര ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടർമാർ നിർദേശിച്ചു. കൊവിഡ് വ്യാപിച്ചതോടെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ശസ്ത്രക്രിയകൾ മാറ്റിയത് മഞ്ജുവിന്റെ കുടുംബത്തെ പ്രയാസത്തിലാക്കി. അടുത്തിടെ അവശയായ മഞ്ജുവിനെ തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാണിച്ചപ്പോഴും ഉടനെ ശസ്ത്രക്രിയ നടത്തണമെന്ന് ബന്ധുക്കളെ അറിയിച്ചു. ഇൗ മാസം 21ന് അഡ്മിറ്റാകണം. മൂന്നര ലക്ഷത്തോളം രൂപ ചെലവ് വരും. മഞ്ജുവിന്റെ ഭർത്താവ് അനീഷ് കൂലിപ്പണിക്കാരനാണ്. മാതാപിതാക്കൾ അസുഖബാധിതരുമാണ്.

കരുണയുള്ളവരുടെ തുണയുണ്ടെങ്കിൽ മഞ്ജുവിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാം. മഞ്ജുവിന്റെ പേരിൽ ഉൗന്നുകൽ ഫെഡറൽ ബാങ്ക് ബ്രാഞ്ചിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. നമ്പർ: 12500100079297. IFSC: FDRL 0001250. ഫോൺ: 9645558707.