പത്തനംതിട്ട : വിൽപ്പനക്കാരായ രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയിൽ മത്സ്യക്കച്ചവടം കുറയുന്നതായി വ്യാപാരികൾ. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളിൽ നിന്നാണ് ജില്ലയിൽ മത്സ്യങ്ങൾ എത്തുന്നത്. ചെക്ക് പോസ്റ്റിൽ പരിശോധനയ്ക്ക് വിധേയമായി അന്യസംസ്ഥാനങ്ങളിൽ നിന്ന് മത്സ്യങ്ങൾ എത്തുന്നുണ്ട്. ജില്ലയിലെ മത്സ്യവിൽപ്പനക്കാർക്ക് കൊവിഡ് എവിടെ നിന്ന് പകർന്നുവെന്നത് ഇപ്പോഴും വ്യക്തമല്ല. വിൽപനയ്ക്കിടെ ചില്ലറകൾക്കും മറ്റുമായി വ്യാപാരികൾ പണം കൈമാറാറുണ്ട്. ഇത്തരത്തിൽ രോഗം പകരാൻ സാദ്ധ്യതയുണ്ടോയെന്ന ആശങ്കയിലാണ് പലരും. വ്യാപാരികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് ശേഷം ചന്തയും വിൽപ്പനകേന്ദ്രങ്ങളും അണുവിമുക്തമാക്കിയിരുന്നു. ഇവരുമായി ബന്ധമുള്ള മറ്റ് സ്ഥലങ്ങളിലും അണു നശീകരണം നടത്തി. ചില മത്സ്യച്ചന്തകൾ പൂട്ടുകയും ചെയ്തു.

" മീൻ വാങ്ങാൻ ആളുകൾക്ക് ആശങ്കയുണ്ട്. ചിലർ പേടി കാരണം വാങ്ങാറില്ല. ഇപ്പോൾ വിൽപ്പന കുറവാണ്.

" മദീന

(മത്സ്യ വ്യാപാരി )

" മത്സ്യം വാങ്ങുന്നതുകൊണ്ട് പ്രശ്നമൊന്നുമില്ല. കുമ്പഴയിലടക്കം അവശ്യ സാധനങ്ങൾക്ക് വിലക്കില്ല. ആൾക്കൂട്ടം പാടില്ല. കൊവിഡും മത്സ്യവുമായി ബന്ധമൊന്നുമില്ല. സമ്പർക്കത്തിലുള്ളവർ ശ്രദ്ധിക്കണം.

ഡോ. എബി സുസൻ

(ദേശീയ ആരോഗ്യ മിഷൻ കോർഡിനേറ്റർ)