photo

കോന്നി : നൂ​റ്റാണ്ടിന്റെ ചരിത്രം പേറുന്ന മഹാപ്രളയത്തിന്റെ തിരുശേഷിപ്പ് ഫലകം കോന്നിയിൽ സംരക്ഷിത സ്മാരകമായി. കൊല്ലവർഷം 1099 (ഇംഗ്ലീഷ് വർഷം - 1924) ൽ ഉണ്ടായ പ്രളയത്തിൽ ഉയർന്ന ജലവിതാനത്തിന്റെ കണക്കുകൾ രേഖപ്പെടുത്തിയ ശിലാഫലകമാണിത്. 2018ലെ പ്രളയത്തിനു ശേഷം കോന്നി ഗവ.എൽ.പി സ്‌കൂളിന് പിന്നിലുള്ള പെട്ടിക്കടയ്ക്ക് സമീപത്തു നിന്നാണിത് കണ്ടെത്തിയത്. നമുടെ നാട് അനുഭവിച്ച മഹാപ്രളയം 1924 ആണ് സംഭവിച്ചതെന്ന് ഫലകം സാക്ഷ്യപ്പെടുത്തുന്നു. അന്ന് ഉയർന്ന വെള്ളത്തിന്റെ അളവും കൊല്ലവർഷവും ഇംഗ്ലീഷ് വർഷവും ഫലകത്തിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. രാജഭരണകാലത്ത് സ്ഥാപിച്ച ഈ ശിലാഫലകത്തിന് യാതൊരു കേടുപാടുകളും സംഭവിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. 2018ലെ വെള്ളപ്പൊക്കത്തിന് മുക്കാൻ കഴിയാത്തതിനാൽ മഹാപ്രളയത്തിന്റെ അളവുകോലായി അറിയപ്പെടുകയാണ് ഇൗ ശിലാഫലകം.

റോഡ് വികസനത്തിൽ മണ്ണുമൂടി
റോഡ് വികസനത്തെ തുടർന്ന് വർഷങ്ങൾക്ക് മുമ്പ് ഈ ചരിത്ര ഫലകം അപ്രത്യക്ഷമായിരുന്നു. മണ്ണുമാന്തിയന്ത്റം ഉപയോഗിച്ച് പിഴുതെറിയപ്പെട്ട ഫലകം മണ്ണിലാണ്ടുപോയതോടെ നാട്ടുകാരും മറന്നു. എന്നാൽ 99 ലെയും 2018 ലെയും മഹാപ്രളയങ്ങൾ തമ്മിലുള്ള വ്യത്യാസങ്ങൾ നാട്ടിൽ ചർച്ചയായപ്പോഴാണ് ജനങ്ങൾ വീണ്ടും ഈ ഫലകത്തെ അന്വേഷിച്ചു തുടങ്ങിയത്. ഏറെ ശ്രമിച്ചെങ്കിലും കണ്ടെത്താനായില്ല. സമീപത്ത് പെട്ടിക്കട നടത്തുന്ന ജയപ്രകാശാണ് ഇത്തരം ഒരു ചരിത്ര ഫലകം ഇവിടെ ഉണ്ടായിരുന്നതായും റോഡ് വികസനത്തിന്റെ പേരിൽ പിഴുതെറിയപ്പെട്ടതായുമുള്ള വിവരം കോന്നി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവീൺ പ്ലാവിളയിലിനെ അറിയിച്ചത്.

ഒടുവിൽ മണ്ണുമാന്തി കണ്ടെത്തി
മണ്ണുമാന്തിയന്ത്റത്തിന്റെ സഹായത്തോടെ നടത്തിയ തെരച്ചിലിൽ യാതൊരു കേടുപാടുകളും സംഭവിക്കാതെ ഫലകം വീണ്ടെടുക്കാനായി. സംഭവം അറിഞ്ഞ് നൂറുകണക്കിന് ആളുകളും ഇത് കാണാൻ ഇവിടെ എത്തിയിരുന്നു. ജയപ്രകാശിന്റെ പിതാവ് ഇവരുടെ കടയിലും അന്നത്തെ വെള്ളപ്പൊക്കത്തിന്റെ അളവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ഇന്നും മായാതെ നിലനിൽക്കുന്നു. ഇപ്പോൾ ഗ്രാമ പഞ്ചായത്ത് ഗവ.ജി.എൽ.പി സ്‌കൂളിന്റ വലതു മൂലയിൽ റോഡു വശത്ത് കരിങ്കൽ കെട്ടി ഉയർത്തി നടുഭാഗത്ത് ഈ ശിലാഫലകം സ്ഥാപിച്ച് സംരക്ഷിക്കുകയാണ്. ഫോറസ്​റ്റ് ഡിവിഷൻ ഓഫീസ്, സഞ്ചായത്ത് കടവ് റോഡ് വശത്താണിത്. ഏതു സമയവും സന്ദർശിക്കാവുന്ന തരത്തിലാണ് ഇത് സ്ഥാപിച്ചിട്ടുള്ളത്.