കോന്നി: കോന്നി താലൂക്ക് ആശുപത്രിയുടെ നവീകരിച്ച കെട്ടിടം 13ന് രാവിലെ 10.30 ന് മന്ത്റി കെ.കെ. ഷൈലജ ഉദ്ഘാടനം ചെയ്യും. കെ.യു. ജനീഷ്‌കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.
ബ്ലോക്ക് പഞ്ചായത്തിന്റെ 2016- 17 വാർഷിക പദ്ധതിയിലുൾപ്പെടുത്തി 1.11 കോടി രൂപ ചെലവിലാണ് കെട്ടിടം നിർമ്മിച്ചത്. സ്ത്രീകൾക്കായുള്ള ഐ.പി.വാർഡും ജറിയാട്രിക് വാർഡും കെട്ടിടത്തിന്റെ താഴത്തെ നിലയിൽ പ്രവർത്തിക്കും. മുകളിലത്തെ നിലയിൽ ഡയാലിസിസ് യൂണിറ്റ് തുടങ്ങും. നിലവിലുള്ള ഒ.പി.കെട്ടിടത്തിന് മുകളിൽ എം.എൽ.എ ഫണ്ടുപയോഗിച്ച് നാലുനിലകൾ കൂടി നിർമ്മിക്കും. ദിവസേന 1000 രോഗികളാണ് താലൂക്കാശുപത്രിയിലെത്തുന്നത് . ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂർ പി.കെ, അംഗം മിനി വിനോദ് , ആർ.എം.ഒ ഡോ: അജയ് ഏബ്രഹാം, താലൂക്കാശുപത്രിഹെൽത്ത് ഇൻസ്‌പെകർ സി.വി.സാജൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.