പത്തനംതിട്ട : തടി ഒന്നേയുള്ളു. പക്ഷേ അതിൽ കൊത്തിയെടുത്തത് നൂറ്റിയൊന്ന് മനുഷ്യ മുഖങ്ങളാണ്. എല്ലാം മഹാൻമാരുടെ മുഖം. പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്കൂളിലാണ് ഒാമനക്കുട്ടൻ എന്ന ശിൽപി ഇൗ വിസ്മയക്കാഴ്ച ഒരുക്കിയത്. ഷെക്സ്പിയർ, വള്ളത്തോൾ, മഹാത്മഗാന്ധി ,നേതാജി സുഭാഷ് ചന്ദ്രബോസ് തുടങ്ങിയവരാണ് തടിയിലെ മുഖങ്ങൾ.
സ്കൂൾ മുറ്റത്ത് നിന്നിരുന്ന മഴമരം മുറിച്ചപ്പോൾ അതിൻ്റെ വേരിലാണ് വർഷങ്ങൾക്ക് മുമ്പ് ശിൽപം തീർത്തത്. നാലര വർഷത്തോളം മഴയും വെയിലും കൊള്ളിച്ച് തടി പാകപ്പെടുത്തിയെടുത്താണ് ശിൽപത്തിന് ഉപയോഗിച്ചത്. നിർമ്മാണത്തിന് മൂന്നര വർഷം വേണ്ടിവന്നു. 2018 ലാണ് പൂർത്തിയായത്.
കുട്ടികളെ മഹാൻമാരെക്കുറിച്ച് പഠിപ്പിക്കുമ്പോൾ അവരെ മനസിലാക്കാൻ ശിൽപം സഹായിക്കുന്നുണ്ടെന്ന് അദ്ധ്യാപകൻ രാജേഷ് ആക്ലത്ത് പറഞ്ഞു.
2018 ൽ ആണ് ശിൽപം പൂർത്തിയാകുന്നത്. കുട്ടികൾക്ക് ഇതിലെ മുഖങ്ങളെണ്ണി ആരാണെന്ന് കണ്ടുപിടിക്കാൻ മത്സരങ്ങളും നടത്തിയിരുന്നു. തടിയിലും കല്ലിലുമൊക്കെയായി പതിനായിരത്തിലധികം ശിൽപ്പങ്ങൾ ഓമനക്കുട്ടൻ കൊത്തിയെടുത്തിട്ടുണ്ട്.