തിരുവല്ല: എട്ടരയേക്കർ വിസ്തൃതിയുള്ള ശ്രീവല്ലഭ ക്ഷേത്രവളപ്പിനെ ഹരിതാഭമാക്കാനുള്ള ദേവഹരിതം പദ്ധതിക്ക് ഇന്ന് തുടക്കമാകും. കാടുപിടിച്ചു കിടന്ന ഭാഗങ്ങൾ വൃത്തിയാക്കി തുളസിവനം, കരനെൽകൃഷി, കദളിവാഴത്തോട്ടം, ജന്മനക്ഷത്ര വൃക്ഷങ്ങൾ, നവഗ്രഹ സസ്യങ്ങൾ, തെങ്ങ്,കമുക്,പേര ഉൾപ്പെടെയുള്ള ഫലവൃക്ഷതൈകൾ എന്നിവ നട്ടുവളർത്തി ക്ഷേത്രവളപ്പിനെ സൗന്ദര്യവൽക്കരിക്കും. ശ്രീവല്ലഭേശ്വര അന്നദാന സമിതിക്കാണ് കൃഷി നടത്താൻ ദേവസ്വംബോർഡ് അനുവാദം നൽകിയിരിക്കുന്നത്. ജൈവകൃഷിരീതിയാണ് നടപ്പാക്കുക. നാടൻപശുക്കളുടെ ചാണകം വളമായി ഉപയോഗിക്കും. ഗണപതിനടയുടെ മുൻഭാഗത്താണ് തുളസിത്തോട്ടം ഒരുക്കുക. ക്ഷേത്രത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് ഒരേക്കറിലാണ് കരനെൽകൃഷി ചെയുന്നത്. പാള നമസ്ക്കാരം വഴിപാടിനുള്ള പാള കിട്ടാൻ കമുകും നട്ടുവളർത്തും. 100 കദളിവാഴകൾ നടാനായി റാന്നിയിൽ നിന്നെത്തിച്ചു. ട്രാക്ടർ ഉപയോഗിച്ച് നിലമൊരുക്കൽ പൂർത്തിയായി. മറ്റു ജോലികൾ അന്നദാനസമിതി അംഗങ്ങളും ഭക്തജനങ്ങളും ചേർന്ന് സജ്ജമാക്കി. കൃഷിസ്ഥലങ്ങൾ വേലികെട്ടി സംരക്ഷിക്കും. കൃഷിയിൽ നിന്ന് ലഭിക്കുന്ന മുഴുവൻ ഫലങ്ങളും ക്ഷേത്രാവശ്യങ്ങൾക്കായി ഉപയോഗിക്കും. ബാക്കിയുള്ളത് ലേലം നടത്തി ദേവസ്വത്തിലേക്ക് മുതൽക്കൂട്ടും. ദേവസ്വം ഡെപ്യുട്ടി കമ്മിഷണറുടെ ചുമതലയിലാണ് കൃഷിയുടെ മേൽനോട്ടം. രണ്ടാംഘട്ടത്തിൽ 27 ജന്മനക്ഷത്രങ്ങളുടെ പേരിലുള്ള മരങ്ങൾ നട്ടുവളർത്തും. ഇവയുടെ പേരുകൾ വിവിധ ഭാഷകളിൽ പ്രദർശിപ്പിക്കും. ക്ഷേത്രത്തിലെ പ്രാവുകൾക്കായി പ്രത്യേക കൂടും നിർമ്മിക്കും. ഔഷധ സസ്യത്തോട്ടവും ഇതോടൊപ്പം ഒരുക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള ക്ഷേത്രങ്ങളിൽ വിസ്തൃതിയിൽ മുന്നിലുള്ള ശ്രീവല്ലഭ ക്ഷേത്രവളപ്പിലെ മൂന്നേക്കർ സ്ഥലത്ത് കൃഷിയിറക്കാനാണ് ലക്ഷ്യമിടുന്നത്.
-----------------
ദേവഹരിതം പദ്ധതി ഉദ്ഘാടനം ഇന്ന്
തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ ദേവഹരിതം പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 11ന് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു, തന്ത്രിമുഖ്യൻ അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാടിൽ നിന്ന് തുളസിത്തൈ ഏറ്റുവാങ്ങി ഉദ്ഘാടനം നിർവ്വഹിക്കും. ദേവസ്വം ബോർഡ് മെമ്പർമാരായ എൻ.വിജയകുമാർ കരനെൽകൃഷിയും കെ.എസ്. രവി കദളിവാഴ കൃഷിയും ഉദ്ഘാടനം ചെയ്യും. ഡെപ്യുട്ടി ദേവസ്വം കമ്മിഷണർ വി.കൃഷ്ണകുമാർ വാര്യർ, മുൻസിപ്പൽ ചെയർമാൻ ആർ.ജയകുമാർ എന്നിവർ പ്രസംഗിക്കും.
--------------
രണ്ടു പതിറ്റാണ്ടായി പ്രവർത്തിക്കുന്ന ശ്രീവല്ലഭേശ്വര അന്നദാന സമിതിയുടെ ഫണ്ട് ഉപയോഗിച്ചാണ് കൃഷിയിറക്കുന്നത്
വി.ശ്രീകുമാർ കൊങ്ങരേട്ട്,
ജനറൽ സെക്രട്ടറി
----------------
നടുന്നത്
നവഗ്രഹ സസ്യങ്ങൾ,
തെങ്ങ്,കമുക്,പേര, കദളിവാഴ തുടങ്ങിയവ
-----------------
ആകെ സ്ഥലം- എട്ടര ഏക്കർ
കൃഷിക്കൊരുക്കുന്നത് - 3 ഏക്കർ