ചെങ്ങന്നൂർ: ജീവനക്കാരന്റെ ഭാര്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ചെങ്ങന്നൂർ ഐ.ടി.ഐ ജംഗ്ഷനിലുള്ള ബെവ്കോയുടെ വിദേശ മദ്യവിൽപനശാല അടച്ചൂപൂട്ടി. കൊവിഡ് നിരീക്ഷണ സ്‌ക്വാഡിന്റെ നിർദ്ദേശം ലംഘിച്ച് പ്രവർത്തനം തുടർന്ന മദ്യവിൽപ്പനശാല അടിയന്തരമായി പൂട്ടണമെന്ന നഗരസഭാ ചെയർമാൻ കെ.ഷിബുരാജന്റെ നിർദ്ദേശത്തെ തുടർന്ന് തഹസിൽദാർ എസ്.മോഹനൻപിള്ള സ്ഥലത്തെത്തി അടപ്പിക്കുകയായിരുന്നു. ആരോഗ്യ വിഭാഗത്തിന്റെ നിർദ്ദേശ പ്രകാരം ജീവനക്കാർ നിരീക്ഷണത്തിൽ പോകേണ്ടതായി വരും. അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജില്ലാ കളക്ടറോടും ആർ.ഡി.ഒയോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ പറഞ്ഞു.
കടമ്പനാട് പബ്ളിക് മാർക്കറ്റ് അടച്ചു
കടമ്പനാട് : കച്ചവടക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കടമ്പനാട് പബ്ളിക് മാർക്കറ്റ് അടച്ചു. ഇവിടെ പപ്പടക്കച്ചവടം നടത്തിയിരുന്ന ഏഴാംമൈൽ സ്വദേശിനിക്കാണ് കൊവിഡ് ബാധിച്ചത്. ആഴ്ചച്ചന്തകളിലെല്ലാം ഇവർ കച്ചവടത്തിനായി പോയിരുന്നു. രോഗവ്യാപനത്തെ തുടർന്ന് അടച്ച ശാസ്താംകോട്ട ആഞ്ഞിലിമൂട്ടിൽ ചന്തയിൽ കച്ചവടത്തിന് പോയിരുന്ന ഇവർക്ക് ഇവിടെ നിന്ന് രോഗം പകർന്നതായാണ് നിഗമനം. ഇവരുടെ ഭർത്താവ് ജോലിചെയ്തിരുന്ന ഏഴാംമൈൽ പെട്രോൾപമ്പും അടച്ചു.
കടമ്പനാട്ടെയും ഏഴാംമൈലിലെയും വഴിയോര കച്ചവടവും നിരോധിച്ചു. ഇവരുമായി സമ്പർക്കമുള്ള ആറ് പേരെ നിരീക്ഷണത്തിലാക്കി.മറ്റുള്ളവരെ കണ്ടെത്താൻ ആരോഗ്യ വകുപ്പ് നടപടിയാരംഭിച്ചു. കച്ചവടക്കാരിയുമായി സമ്പർക്കത്തിലായവർ ആരോഗ്യ വകുപ്പിനെ അറിയിക്കണം.