പത്തനംതിട്ട: കൊവിഡ് സമൂഹ വ്യാപനത്തിലേക്ക് നീങ്ങുന്ന ജില്ലയിൽ അതീവ ഗുരുതര സാഹചര്യമെന്ന് ആരോഗ്യവകുപ്പ്. സമ്പർക്ക രോഗികളുടെ എണ്ണം കൂടുകയാണ്. ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച 32 കേസുകളിൽ ഏഴ് പേർക്ക് രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെയെന്ന് കണ്ടെത്തി. ഇതോടെ ജില്ലയിൽ രോഗപ്പകർച്ചയുള്ളവരുടെ എണ്ണം 12 ആയി. നാൽക്കാലിക്കൽ സ്വദേശികളായ മൂന്ന് പേർക്കാണ് ഇന്നലെ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച കുലശേഖരപതിയിലെ വിദ്യാർത്ഥി നേതാവുമായി ഉണ്ടായ സമ്പർക്കത്തിലൂടെ നാല് പേർക്കും റാപ്പിഡ് ആൻഡിജൻ പരിശോധനയിലൂടെ രോഗബാധ കണ്ടെത്തി. രോഗപ്പകർച്ചക്കാരുടെ എണ്ണം ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന.

സമൂഹ രോഗ വ്യാപന ഭീതിയിലായ ജില്ലയിൽ പലയിടത്തും ഇന്നലെ തിരക്കൊഴിഞ്ഞിരുന്നു. പത്തനംതിട്ട, തിരുവല്ല നഗരസഭയിലും ആറൻമുള, റാന്നി പഞ്ചായത്ത് വാർഡുകളും കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിരുന്നു.

ഇന്നലെ 43 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 268 ആണ്. നിലവിൽ പത്തനംതിട്ട ജില്ലക്കാരായ 171 പേർ രോഗികളായിട്ടുണ്ട്.

@ വീട്ടിലിരിക്കണം: ഡി.എം.ഒ


സമ്പർക്കത്തിലൂടെയുള്ള കൊവിഡ് രോഗബാധ റിപ്പോർട്ട് ചെയ്തുവരുന്ന സാഹചര്യത്തിൽ ജില്ലയിൽ റിവേഴ്‌സ് ക്വാറന്റൈൻ ശക്തിപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ.എൽ. ഷീജ അറിയിച്ചു. 60ന് മുകളിലും 10ന് താഴെയും പ്രായമുള്ളവർ, ശ്വാസകോശ രോഗമുള്ളവർ, കിഡ്‌നി സംബന്ധമായ അസുഖമുള്ളവർ, ഡയബറ്റിക്‌സ്, ഹൃദ്രോഗമുള്ളവർ തുടങ്ങിയവർക്ക് രോഗം ബാധിച്ചാൽ ഗുരുതരാവസ്ഥയും മരണം വരെയും സംഭവിക്കാം. ഇത്തരത്തിലുള്ളവർ വീടുകളിൽ ക്വാറന്റൈനിൽ കഴിയുന്നതാണ് റിവേഴ്‌സ് ക്വാറന്റൈൻ. ജില്ലയിൽ ഇങ്ങനെയുള്ള ലക്ഷക്കണക്കിന് ആളുകളുണ്ട്. ഇവർക്ക് പ്രത്യേക കരുതൽ ആവശ്യമുണ്ട്. ഇവർ വീട്ടിൽത്തന്നെ കഴിയണം. സന്ദർശകരുമായി ഇടപഴകരുത്. ആളുകൾ ഒത്തുകൂടുന്ന സാഹചര്യം ഒഴിവാക്കണം. കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകണം. ലഘുവ്യായാമങ്ങൾ, യോഗ തുടങ്ങിയവ പരിശീലിക്കാം. പോഷക ഗുണങ്ങളുള്ള ഭക്ഷണം കഴിക്കണം. കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകൾ മുടങ്ങരുത്. എപ്പോഴും കൈകൊണ്ട് സ്പർശിക്കാൻ സാധ്യതയുള്ള കണ്ണട പോലുള്ള വസ്തുക്കൾ വൃത്തിയാക്കി വയ്ക്കണം. എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായാൽ ടെലികൺസൾട്ടേഷൻ സേവനം ഉപയോഗിക്കുകയോ ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കുകയോ ചെയ്യണം. സാധാരണ ചെറിയ ആരോഗ്യപ്രശ്‌നങ്ങൾക്ക് ആശുപത്രിയിൽ പോകണമെന്നില്ല. കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ വീട്ടിലേക്ക് ക്ഷണിക്കരുത്. മദ്യം, പുകയില തുടങ്ങിയവ ഉപയോഗിക്കരുത്.

@ വിവരങ്ങൾ അറിയിക്കണം

സംശയങ്ങൾ ദുരീകരിക്കുന്നതിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാ കൺട്രോൾ റൂമിലേക്ക് വിളിക്കാം. കണ്ടെയ്ൻമെന്റ് സോണിലുള്ളവർക്ക് പനി, ചുമ, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിലും ഈ നമ്പരുകളിൽ വിളിക്കാം. ജില്ലാ മെഡിക്കൽ ഓഫീസ് : 0468 2228220, 9188294118, 8281413458, ദുരന്തനിവാരണ വിഭാഗം : 0468 2322515, മാനസികാരോഗ്യ പിന്തുണ : 8281113911.