prkod

അടൂർ : ചരക്കുമായി വാഹനത്തിലെ ഡ്രൈവർമാർ വഴി കൊവിഡ് 19 വ്യാപനം നടക്കുന്നത് കണക്കിലെടുത്ത് പറക്കോട് അനന്തരാമപുരം മാർക്കറ്റിൽ ഇന്നുമുതൽ പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ചിറ്റയം ഗോപകുമാർ എം.എൽ. എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുമ്പോഴും സമ്പർക്കത്തിലൂടെ രോഗം പകരുന്ന സ്ഥിതി കണക്കിലെടുത്താണ് തീരുമാനം. പന്തളം കടയ്ക്കാട്, കടമ്പനാട് മാർക്കറ്റുകൾ അടച്ചിട്ടിരിക്കുന്നത് തൽസ്ഥിതി തുടരാനും തീരുമാനിച്ചു. മധ്യതിരുവിതാംകൂറിലെ ഏറ്റവും വലിയ മലഞ്ചരക്ക് വ്യാപാരം നടക്കുന്ന മാർക്കറ്റ് എന്ന നിലയിൽ അയൽ സംസ്ഥാനങ്ങളിൽ നിന്നും നിരവധി ചരക്ക് വാഹനങ്ങളാണ് ഇവിടേക്ക് വരുന്നത്. ഇത് സമൂഹ വ്യാപനത്തിന് വഴിതെളിക്കുമെന്ന മുന്നറിയിപ്പിനെ തുടർന്നാണ് ഇക്കാര്യത്തിൽ അടിയന്തിരയോഗം ചേർന്ന് തീരുമാനമെടുത്തത്. പറക്കോട് മാർക്കറ്റിലും, അടൂർ ശ്രീ മൂലം മാർക്കറ്റിലും റവന്യൂ ഉദ്യോഗസ്ഥരും പൊലീസും നഗരസഭയിലെ ഹെൽത്ത് വിഭാഗവും ജീവനക്കാരെ നിയമിച്ചു സംയുക്തമായ നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനമായി. ആർ.ഡി.ഒ എസ്. ഹരികുമാർ ,തഹസീൽദാർ ബീന എസ്.ഹനീഫ്, ആർ എം.ഒ ഡോ. നിഷാദ്, ഡി.വൈ.എസ്.പി. ബിനു, ഹെൽത്ത് ഇൻസ്പെക്ടർ വിനോദ് , വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും വ്യാപാരി വ്യവസായി സമിതിയുടെയും ഭാരവാഹികളായ ജോർജ്ജ് ബേബി, അഖിലം അബു ബക്കർ എന്നിവർ പങ്കെടുത്തു.

നിയന്ത്രണങ്ങൾ

1. മാർക്കറ്റുകളിൽ പൊലീസ് പിക്കറ്റ് ഏർപ്പെടുത്തും

2. വാഹനങ്ങൾക്ക് ടോക്കൺ സംവിധാനം ഏർപ്പെടുത്തി ക്രമീകരിക്കും.

3. ആരോഗ്യ വകുപ്പ് ജീവനക്കാരുടെ നേതൃത്വത്തിൽ പനി പരിശോധന നടത്തും.

4. വാഹനങ്ങളിൽ അണു നശീകരണം നടത്തും.