പത്തനംതിട്ട : ജില്ലയിൽ കൊവിഡ് 19 വ്യാപനം തടയുന്നതിനായി പത്തനംതിട്ട നഗരസഭയിലെ എല്ലാ വാർഡുകളും തിരുവല്ല നഗരസഭയിലെ 28, 33 വാർഡുകളും കുളനട ഗ്രാമപഞ്ചായത്തിലെ 14ാം വാർഡും റാന്നി ഗ്രാമപഞ്ചായത്തിലെ ഒന്ന്, രണ്ട് എന്നീ വാർഡുകളും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്.

• ജനങ്ങൾ വീട്ടികളിൽ തന്നെ തുടരണം. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ പുറത്തു പോകാൻ അനുവദിക്കുകയുള്ളു.
• മെഡിക്കൽ അത്യാഹിതങ്ങൾക്കും ആവശ്യവസ്തുക്കളുടെ സേവനത്തിനും വിതരണത്തിനുമല്ലാതെ കണ്ടെയ്ൻമെന്റ് സോണിൽ നിന്നു പുറത്തേക്കു പോകാനോ അകത്തേക്ക് കടക്കാനോ അനുവദിക്കുന്നതല്ല.
• കണ്ടെയ്ൻമെന്റ് സോണുകളിൽ ഏഴു ദിവസത്തേക്ക് പൊതുഗതാഗത സേവനങ്ങൾ അനുവദിക്കില്ല.
• സർക്കാർ ഓഫീസുകൾ ഏറ്റവും കുറവ് ജീവനക്കാരുമായി പ്രവർത്തിക്കണം. മറ്റു ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം തുടരാം.
• പ്രതിരോധം, കേന്ദ്ര സായുധ പൊലീസ് സേന, ട്രഷറി, പെട്രോളിയം, സിഎൻജി, എൽപിജി, പിഎൻജി, ദുരന്ത നിവാരണ വകുപ്പ്, വൈദ്യുത ഉൽപാദനവിതരണ യൂണിറ്റുകൾ, പോസ്റ്റ് ഓഫീസ്, നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്റർ, മുന്നറിയിപ്പുകൾ നൽകുന്ന ഏജൻസികൾ തുടങ്ങിയവരെ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
• ജില്ലാ ഭരണകൂടം, റവന്യൂ ഡിവിഷണൽ ഓഫീസ്, താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ് എന്നിവ തുറന്നു പ്രവർത്തിക്കും.
• വൈദ്യുതി, വെള്ളം, ശുചിത്വം, പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയ്ക്ക് നിയന്ത്രണത്തിൽ ഇളവുണ്ട്.
• ബാങ്കുകൾ രാവിലെ 10 മുതൽ ഉച്ചയ്ക്ക് രണ്ടു വരെ പ്രവർത്തിക്കാം. എ.ടി.എം, മാദ്ധ്യമങ്ങൾ, ഇന്റർനെറ്റ് സേവനം, ആവശ്യവസ്തുക്കളുടെ വിതരണ ശൃംഖല, ഗതാഗതം എന്നിവ അനുവദിക്കും.
• ഡിപ്പാർട്ട്‌മെന്റൽ സ്റ്റോറുകൾ, സൂപ്പർ മാർക്കറ്റുകൾ, ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകൾ, പലചരക്ക്, പാൽ, മാംസം, പഴങ്ങൾ, പച്ചക്കറികൾ, മത്സ്യം, കോഴി, കന്നുകാലി തീറ്റ തുടങ്ങിയവ വിൽക്കുന്ന കടകൾ എന്നിവയ്ക്ക് രാവിലെ ഏഴു മുതൽ വൈകന്നേരം അഞ്ചു വരെ പ്രവർത്തിക്കാം.
• രാവിലെ ഏഴു മുതൽ രാത്രി എട്ടു വരെ ഹോട്ടലുകളിൽ പാഴ്‌സൽ, ഹോം ഡെലിവറി സേവനങ്ങൾ മാത്രം അനുവദിക്കും.
• രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ റേഷൻ കടകൾക്ക് പ്രവർത്തിക്കാം.
• പൊതുസ്വകാര്യ മേഖലകളിലെ ആശുപത്രികളും അവയുടെ ഉൽപാദന, വിതരണ യൂണിറ്റുകളും ഉൾപ്പെടെ എല്ലാ അനുബന്ധ മെഡിക്കൽ സ്ഥാപനങ്ങളും പ്രവർത്തനക്ഷമമായിരിക്കും.
• എല്ലാ മെഡിക്കൽ ഓഫീസർമാർക്കും നഴ്‌സുമാർക്കും പാരാ മെഡിക്കൽ സ്റ്റാഫുകൾക്കും ആശുപത്രി സഹായ സേവനങ്ങൾക്കുമുള്ള ഗതാഗതം അനുവദിച്ചിട്ടുണ്ട്.
• വിദേശ രാജ്യങ്ങളിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും മടങ്ങിയെത്തുന്നവർക്ക് ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ പൊലീസ് അധികാരികളുടെയും അനുമതിയോടെ സഞ്ചരിക്കാം.
• വീടുകൾതോറുമുള്ള നിരീക്ഷണവും ആവശ്യാനുസരണം മറ്റ് ക്ലിനിക്കൽ ഇടപെടലുകളും ആരോഗ്യ വകുപ്പ് ഉറപ്പാക്കും.
• നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ ദുരന്തനിവാരണ നിയമത്തിലെ സെക്ഷൻ 51 മുതൽ 60 പ്രകാരവും ഐപിസി വകുപ്പ് 188 പ്രകാരവുമുള്ള നിയമനടപടികൾ സ്വീകരിക്കുന്നതായിരിക്കും.