പത്തനംതിട്ട : കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച കുലേശേഖരപതി സ്വദേശിയായ സി.പി.എം പത്തനംതിട്ട ഏരിയ കമ്മറ്റി അംഗത്തിന്റെ സഞ്ചാര പാത പുറത്തുവിട്ടില്ല. ഇദ്ദേഹത്തിന്റെ നില ഗുരുതരമായതിനാൽ വിശദമായ യാത്ര ചെയ്ത സ്ഥലങ്ങളെപ്പറ്റി കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കൊവിഡ് എെ.സി.യു വാർഡിലാണ്. പ്രമേഹം അടക്കം മറ്റ് അസുഖങ്ങളും ഉള്ളതിനാൽ രോഗി അവശനായിട്ടുണ്ട്.
കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച എം.എസ്.എഫ് നേതാവിൽ നിന്നാണ് സി.പി.എം നേതാവിനും മറ്റൊരാൾക്കും കൊവിഡ് പകർന്നതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് പേരും അടുത്ത് സമ്പർക്കത്തിലേർപ്പെട്ട സ്ഥലങ്ങളുടെ വിശദമായി സഞ്ചാരപാത അടുത്ത ദിവസം പുറത്തുവിടുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
അതേസമയം, മുസ്ളീലീഗ് സംഘടനയായ എം.എസ്.എഫ് നേതാവിന്റെ സഞ്ചാര പാത പുറത്തുവിട്ട സ്ഥിതിക്ക് സി.പി.എം നേതാവിന്റെയും പുറത്തുവിടണമെന്ന് യു.ഡി.എഫ് കേന്ദ്രങ്ങൾ ആവശ്യപ്പെടുന്നുണ്ട്.