pta1

ഒരിക്കൽ നാട് പടികടത്തിയ കൊവിഡ് , ഭീകരത പൂണ്ട് വീണ്ടും തിരിച്ചെത്തിയിരിക്കുന്നു. മഹാമാരിക്കെതിരെ പത്തനംതിട്ട രണ്ടാം യുദ്ധത്തിലാണ്. ഇൗ പോരാട്ടം ആദ്യത്തേതിൽ നിന്ന് കുറച്ചുകൂടി കടുത്തതാണ്. സമൂഹ വ്യാപനത്തിലേക്ക് കടന്ന രോഗത്തെ തുരത്താൻ കഠിന പരിശ്രമത്തിലാണ് ആരോഗ്യവകുപ്പ്. പക്ഷെ, രോഗികളുടെ എണ്ണം ഒാരോ ദിവസവും ഉയരുന്നത് കാര്യങ്ങൾ ഏതു നിമിഷവും കൈവിട്ടു പോയേക്കാമെന്ന ഭീതി ഉയർത്തുന്നു. രണ്ടാംഘട്ട യുദ്ധത്തിലേക്ക് കടക്കുമ്പോൾ ജില്ലയിലെ സമ്പർക്ക രോഗികളുടെ എണ്ണം എഴുപതിലേറെയായി. സമ്പർക്കത്തിന്റെ ഉറവിടം ഏതെന്ന് കണ്ടുപിടിക്കാൻ കഴിയാത്തത് വലിയ തോതിൽ ആശങ്ക പരത്തുന്നു. എന്നാലും ജനങ്ങൾ വേണ്ടത്ര ജാഗരൂകരാണോ എന്ന് സംശയമുണ്ട്. സമ്പർക്ക രോഗികളിൽ പകുതിയോളം പൊതുപ്രവർത്തകരാണ്. നാട്ടുകാരെ ബോധവത്‌കരിച്ച് രോഗത്തിന്റെ പിടിയിൽ നിന്ന് മാറ്റി നിറുത്തേണ്ട പൊതുപ്രവർത്തകർ ഉത്തരവദിത്വം മറന്നു. മാസ്കും സുരക്ഷാ സംവിധാനങ്ങളുമില്ലാതെ കൂട്ടംകൂടുന്ന ഇവരെ കാണുമ്പോൾ ഇവിടെ രോഗമേയില്ലെന്ന ചിന്ത നാട്ടുകാരിൽ ഉണ്ടായാൽ കുറ്റപ്പെടുത്താനാവില്ല.

സമരങ്ങൾ, സമ്പർക്കങ്ങൾ

തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുക്കുന്ന സാഹചര്യത്തിൽ സർക്കാരിനെതിരെ സമരമുറകൾ അഴിച്ചുവിടേണ്ടത് പ്രതിപക്ഷ പാർട്ടികളുടെ ആവശ്യമാണ്. സമരങ്ങൾ നടത്തിയില്ലെങ്കിൽ ജനം സർക്കാരിനൊപ്പം നിൽക്കുമെന്ന ചിന്ത വന്നാൽ എന്തു ചയ്യും?. ജനരോഷമുയർത്താൻ ഇന്ധനവില വർദ്ധനയും സ്വർണക്കടത്തും ധാരാളം. കൊവിഡ് മുന്നിലുണ്ടെന്ന സ്ഥിതി മറന്ന് ജില്ലയിൽ ഗ്രാമങ്ങൾ തോറും സമര പരിപാടികൾ അരങ്ങേറി. കളക്ടറേറ്റിനും ഹെഡ് പോസ്റ്റോഫീസിനും മുന്നിൽ കൂട്ടമായി ധർണകൾ നടത്തിയ നേതാക്കൾ, മുഖം മറയ്ക്കുന്ന മാസ്‌കിനെ താഴ്‌ത്തിയിട്ട് മാലയാക്കി. ഫോട്ടോയിൽ ആളെ തിരിച്ചറിയണമെങ്കിൽ അത് വേണമല്ലോ! അകലം പാലിക്കണമെന്നും മാസ്കും കയ്യുറകളും ധരിക്കണമെന്നും ധർണകൾക്കു മുന്നിൽ പൊലീസ് നടത്തിയ മൈക്ക് അനൗൺസ്‌മെന്റിന് പുല്ലുവില പോലും കൽപ്പിച്ചില്ല. സർക്കാരിന്റെ മുഖം കാണുന്നത് പൊലീസിലൂടെയായതു കൊണ്ട് മാസ്ക് മാറ്റി മുദ്രാവാക്യം വിളികൾക്ക് ആവശേമായി. തുടർച്ചയായ സമരങ്ങൾ കണ്ട് ആരോഗ്യവകുപ്പും ആശങ്കപ്പെട്ടു. പൊതുപ്രവർത്തകരിൽ രോഗ്യവ്യാപന സാദ്ധ്യതയെന്ന് ജില്ലാ ആരോഗ്യവകുപ്പ് അധികൃതരുടെ വിലയിരുത്തൽ പുറത്തു വന്ന ദിവസം തന്നെ മുസ്ളീം ലീഗിന്റെ വിദ്യാർത്ഥി വിഭാഗമായ എം.എസ്.എഫ് നേതാവിന് കൊവിഡ് സ്ഥിരീകരിച്ചു. ഇയാളുടെ സമ്പർക്ക പട്ടികയും സഞ്ചാരപാതയും നീണ്ടത് മറ്റ് പൊതുപ്രവർത്തകരിലേക്കും എസ്.എസ്.എൽ.സിക്ക് ഫുൾ എ പ്ളസ് വാങ്ങിയ വിദ്യാർത്ഥികളുടെ വീടുകളിലേക്കുമാണ്. നേതാവ് വിദ്യാർത്ഥികളുടെ വീടുകളിലെത്തിയാണ് അനുമോദിച്ചത്. ഒരു ഹോട്ടൽ ഉദ്ഘാടനത്തിന് ജില്ലാ കളക്ടർക്കൊപ്പവും ഒരുമിച്ചിരുന്നുവത്രെ. കൊവിഡ് സമൂഹ വ്യാപനത്തിന്റെ ഘട്ടം എത്തി നിൽക്കെ ജില്ലാ കളക്ടർ ഹോട്ടൽ ഉദ്ഘാടനത്തിന് പോയത് എന്തിനെന്ന ചോദ്യവും അന്തരീക്ഷത്തിലുണ്ട്. ഇൗ ചർച്ച ചൂടുപിടിക്കുന്നതിനിടെ കളക്ടർ പങ്കെടുത്തെന്ന് പറയുന്ന ചടങ്ങിന്റെ ചിത്രങ്ങൾ നേതാവിന്റെയും മറ്റും ഫെയ്സ്ബുക്കിൽ നിന്ന് അപ്രത്യക്ഷമായെന്നും പിന്നാമ്പുറ വർത്തമാനം കേട്ടു.

രാഷ്ട്രീയ വിവാദം

പ്രതിപക്ഷ വിദ്യാർത്ഥി സംഘടന നേതാവിന് കൊവിഡ് പിടിപെട്ടത് രാഷ്ട്രീയ വിവാദത്തിനും തീ കൊളുത്തി. യു.ഡി.എഫ് നേതാക്കൾ കൊവിഡ് പരത്തുന്നു എന്ന എൽ.ഡി.എഫ് ആരോപണം വടി കൊടുത്ത് അടി വാങ്ങലായി. എം.എസ്.എഫ് നേതാവിന്റെ സമ്പർത്തിലൂടെ സി.പി.എം ഏരിയ കമ്മറ്റി അംഗത്തിനും കൊവിഡ് ബാധിച്ചുവെന്ന വിവരം അടുത്ത ദിവസം പുറത്തുവന്നു. സി.പി.എം നേതാവ് അതീവ ഗുരുതര നിലയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രയിയിൽ ചികിത്സയിലായതിനാൽ അദ്ദേഹത്തിന്റെ സമ്പർക്ക പട്ടിക തയ്യാറാക്കാൻ കഴിയാത്തത് ആരോഗ്യവകുപ്പിനെ പ്രതിസന്ധിയിലാക്കി. എം.എസ്.എഫ് നേതാവിന്റെ സമ്പർക്ക പട്ടിക പുറത്തുവിട്ട സ്ഥിതിക്ക് സി.പി.എം നേതാവിന്റേതും പുറത്തുവിടണമെന്ന ആവശ്യം യു.ഡി.എഫ് ഉന്നയിച്ചു. ഏതായാലും, കരുതലും ജാഗ്രതയും കൈവിട്ടു പോയതിന് വലിയ വില കൊടുക്കേണ്ടി വരികയാണ് ജില്ല.

വീണ്ടും വീട്ടിലിരിപ്പ്

രോഗവ്യാപനത്തിന്റെ ഘട്ടത്തിൽ പത്തനംതിട്ട, തിരുവല്ല നഗരങ്ങളും ആറൻമുള, റാന്നി പഞ്ചായത്തുകളിലെ ഏതാനും വാർഡുകളും കണ്ടെയ്ൻമെന്റ് സോണായി ആരോഗ്യ വകുപ്പ് പ്രഖ്യാപിച്ചതോടെ ഇൗ മേഖലകൾ പൊലീസ് അടച്ചുപൂട്ടി. ജില്ലയിലെ പല മാർക്കറ്റുകളും അടച്ചു. പുതിയ സ്ഥലങ്ങളിലേക്കും രോഗവ്യാപനം ഉണ്ടാകുമെന്ന ആശങ്ക നിലനിൽക്കുന്നു. ഇറ്റലിയിൽ നിന്ന് വന്ന റാന്നിയിലെ കുടുംബത്തിന് മാർച്ച് ഏഴിന് രോഗം സ്ഥിരീകരിച്ചതോടെയാണ് ജില്ല കൊവിഡിനെതിരെ ആദ്യ പോരാട്ടം നടത്തിയത്. നാടാകെ അടച്ച് പൂട്ടി വീട്ടിലിരുന്നപ്പോൾ സമൂഹ വ്യാപനമുണ്ടാക്കാതെ കൊവിഡിനെ തുരത്തി. രോഗം ഭേദമായ റാന്നി കുടുംബം നാല് മാസം കഴിഞ്ഞ് ജൂലായ് ഏഴിന് ഇറ്റലിയിലേക്ക് പറന്നു. രോഗം പരത്തിയ കുടുംബം എന്ന് ഏറെ പഴികേട്ട് മടങ്ങുന്ന നേരത്താണ് ജില്ലയിൽ മറ്റ് രോഗികളിലൂടെ സമ്പർക്ക വ്യാപനം എത്തിയത്. വീണ്ടും വീടുകളിലിരിക്കാൻ നിർബന്ധിതമായ സാഹചര്യം. പരമാവധി വീടുകൾക്കുള്ളിൽ കഴിയാൻ ആരോഗ്യ വകുപ്പ് എന്നും ജാഗ്രതാ നിർദേശം നൽകുന്നു. മടങ്ങിവരുന്ന പ്രവാസികളിൽ നിന്ന് രോഗം വ്യാപിക്കാതെ നിയന്ത്രണങ്ങൾ കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോകുന്നതിനിടെ ഉണ്ടായ രോഗവ്യാപനത്തിന്റെ തോത് ഇനിയും ഉയർന്നേക്കുമെന്നാണ് സൂചനകൾ. തൊഴിൽ, വ്യാപാരരംഗം പാടെ സ്തംഭിച്ച് നിൽക്കുന്ന സാഹചര്യത്തിൽ നല്ല നാളേയ്ക്കായി കൂടുതൽ കരുതലുകളാണ് ഇന്നത്തെ ആവശ്യം.