പത്തനംതിട്ട : ചടങ്ങുകൾക്കെല്ലാം മോടി കുറഞ്ഞു. ഒപ്പം പൂക്കൾ വിറ്റു ജീവിക്കുന്നവരുടെ വരുമാനവും. ഇനിയൊരു പൂക്കാലമുണ്ടാകുമോ? പൂക്കൾ വിൽക്കുന്നവർ ആശങ്കയിലാണ്. അനുമോദനത്തിനും അനുശോചനത്തിനും പുഷ്പങ്ങൾ അനിവാര്യമായിരുന്ന കാലം കൊവിഡിന് അടിയറവ് പറഞ്ഞപ്പോൾ പൂവിപണിയുടെ വസന്തം നഷ്ടമായി.
വിവാഹം, വാഹന അലങ്കാരം, ഉദ്ഘാടനങ്ങൾ, ക്ഷേത്രാചാര
ങ്ങൾ എന്നിവയുടെ എല്ലാം പകിട്ട് കുറഞ്ഞതോടെ പൂക്കളുടെ ശോഭയും മങ്ങി.
സംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നവർക്ക് നിയന്ത്രണം ഉണ്ടായതോടെ അന്ത്യോപചാരമർപ്പിക്കാൻ റീത്തുകളും കാര്യമായി ചെലവാകുന്നില്ല. ആരാധനാലയങ്ങളിലേക്ക് ബന്തി, അരളി, മുല്ല പൂക്കൾ വാങ്ങാൻ ഭക്തരുമെത്താറില്ല. തമിഴ്നാട്ടിൽ നിന്നാണ് ഇത്തരം പുഷ്പങ്ങൾ കേരളത്തിലെത്തുന്നത്. കർണാടകയിൽ നിന്നുമെത്തുന്ന റോസ്, ഗ്ലാഡി, ജമന്തി പുഷ്പങ്ങൾ ബൊക്ക, റീത്ത്, അലങ്കാര ആവശ്യങ്ങൾ എന്നിവക്കാണ് സാധാരണയായി ഉപയോഗിക്കുന്നത്.
*ബേബി ഓർക്കിഡ്, ഡച്ച് റോസ്, ആന്തൂറിയം തുടങ്ങിയ വിലയേറിയ പൂക്കൾ ഇപ്പോൾ പുറത്ത് നിന്ന് വരുന്നില്ല. ആവശ്യക്കാരില്ലാത്തതിനാലാണിത്. 400 രൂപയിലധികം വരും ഇതിന്.
വ്യാപാരികളേക്കാൾ നഷ്ടം പുറത്തുള്ള കൃഷിക്കാർക്കാണ്. സ്ഥലങ്ങൾ പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നവരുണ്ട്. തമിഴ്നാട്, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നാണ് കൂടുതലും പൂക്കൾ എത്തുന്നത്. ഓണത്തിനായി അവർ കൃഷി ഒരുക്കി കാണും. ജില്ലയിലുള്ള മുല്ല, ബന്തി കർഷകരിൽ നിന്നാണ് ഇപ്പോൾ പൂക്കൾ എടുക്കുന്നത്.
സെബിൻ
(വ്യാപാരി )