ചെങ്ങന്നൂർ: മാലിന്യനിക്ഷേപ കേന്ദ്രങ്ങളും പൊതു സ്ഥലങ്ങളും ചെറു ഉദ്യാനങ്ങളായി മാറ്റാൻ നഗരസഭ 45 ലക്ഷം രൂപയുടെ പദ്ധതി നടപ്പിലാക്കുമെന്ന് നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ അറിയിച്ചു.നഗരസഭയിലെ 60 കേന്ദ്രങ്ങളിൽ തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള പച്ചത്തുരുത്ത് മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി നടത്തിപ്പിനായി 45 ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് തയാറാക്കുന്നത്. നഗരസഭാ പ്രദേശത്ത് പൊതുസ്ഥലങ്ങൾ, സ്ഥിരമായി മാലിന്യം നിക്ഷേപിക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. അലങ്കാര ചെടികൾ, ഔഷധ സസ്യങ്ങൾ, ഫലവൃക്ഷ തൈകൾ എന്നിവ നട്ടുപടിപ്പിക്കും. ഇതിന്റെ അഞ്ച് വർഷത്തെ പരിപാലനത്തിനായി തൊഴിലുറപ്പു തൊഴിലാളികളെ വേതനത്തോടെ നിയോഗിക്കും. കൂടുതൽ സ്ഥലങ്ങൾ ഉള്ളിടത്ത് ചെറു ജലാശയങ്ങൾ, വിശ്രമ കേന്ദ്രങ്ങൾ, ഇരിപ്പിടങ്ങൾ, വിനോദോപാധികൾ, ലഘുഭക്ഷണ ശാല തുടങ്ങിയവ സ്‌പോൺസർഷിപ്പിൽ സജ്ജീകരിക്കും. സമീപവാസികളുടെ സഹകരണത്തോടെയും പങ്കാളിത്തത്തോടെയുമാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ പറഞ്ഞു.