കോഴഞ്ചേരി : വീണാ ജോർജ്ജ് എം.എൽ.എ യുടെ ഇടപെടലിൽ തെക്കേ മലയിൽ ഗതാഗത കുരുക്കിന് പരിഹാരമാകുന്നു. എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്ന് 12.5 ലക്ഷം രൂപ അനുവദിച്ചാണ് ട്രാഫിക്ക് സിഗ്നൽ നിർമ്മിക്കുന്നത്.സൗരോർജ്ജം ഉപയോഗിച്ചാണ് സിഗ്നൽ പൂർണമായും പ്രവർത്തിക്കുന്നത്. ഇതിന്റെ നിർമ്മാണ പ്രവൃത്തി പുരോഗമിച്ചു കൊണ്ടിരിക്കുന്നു.
പൊതുമരാമത്ത് ഇലക്ട്രോണിക് ഡിവിഷനാണ് നിർമ്മാണച്ചുമതല. ഇത് പൂർത്തീകരിക്കുന്നതോടെ ദീർഘകാലമായുള്ള ഗതാഗത കുരുക്കിന് പരിഹാരമാകുമെന്ന് എം.എൽ.എ പറഞ്ഞു.തിരുവല്ല കുമ്പഴ റോഡിൽ തെക്കേമല ജംഗ്ഷനിലാണ് സിഗ്നൽ സ്ഥാപിക്കുന്നത്. ഇലവുംതിട്ട ,ചെങ്ങന്നൂർ, കോഴഞ്ചേരി,പത്തനംതിട്ട എന്നീ റോഡുകൾ ചേരുന്ന ജംഗ്ഷനാണ് തെക്കെമല. ടൈമർ സംവിധാനത്തോടു കൂടിയുള്ള സിഗ്നൽ അഞ്ച് വർഷ വാറന്റിയിലാണ് നിർമ്മിക്കുന്നത്.മാരാമൺ കൺവെൻഷൻ,ശബരിമല, പരുമല, മഞ്ഞനിക്കര,തീർത്ഥാടന കാലത്ത് പ്രത്യേകിച്ചും ജനത്തിരക്കും,വാഹനത്തിരക്കും നിയന്ത്രിക്കുക പ്രയാസമാണ്. ജനങ്ങളുടെ ചിരകാലാവശ്യം നിറവേറ്റിയ എം.എൽ.എയോട് തെക്കേമല പൗരസമിതി പ്രസിഡന്റ് പി.എം മത്തായി,സെക്രട്ടറി റെനി മങ്ങാട്ടേത് , ട്രഷറർ എബെറ്റ് കോരുത് ,കൺവീനർ പി കെ കുട്ടപ്പൻ എന്നിവർ പ്രത്യേക നന്ദി അറിയിച്ചു.

-എം.എൽ.എ ഫണ്ടിൽ നിന്നും

നിന്ന് 12.5 ലക്ഷം രൂപ അനുവദിച്ചു

-പൊതുമരാമത്ത് ഇലക്ട്രോണിക് ഡിവിഷന് നിർമ്മാണച്ചുമതല