അടൂർ: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അടൂർ താലൂക്ക് ഓഫീസിലേക്ക് നടന്ന മാർച്ച് പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തിലും തള്ളിലും കലാശിച്ചു. പ്രവർത്തകർക്ക് നേരേ പൊലീസ് ലാത്തി വീശി. കൊടുമൺ സി.ഐ ഉൾപ്പെടെ മൂന്ന് പൊലീസുകാർക്കും യുവമോർച്ച സംസ്ഥാന സെക്രട്ടറി ഉൾപ്പെടെ മൂന്ന് നേതാക്കൻമാർക്കും പരിക്കേറ്റു.സംഘർഷത്തിനിടെ നഗരസഭ ഓഫീസിന്റെ മതിൽ തകർന്നു. 12 യുവമോർച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്തു. കൊടുമൺ സി.ഐ അശോക് കുമാർ (46), പന്തളം സ്റ്റേഷനിലെ സി.പി.ഒ ഗണേശൻ, എനാത്ത് സ്റ്റേഷനിലെ എസ്.സി.പി.ഒ ബിജുരാജ് (49), യുവമോർച്ച പ്രവർത്തകരായ വി.ജി.വിഷ്ണു (35),ഹാരിഷ് (34),അനന്തു പി.കുറുപ്പ് (30) എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ തലയ്ക്ക് പരിക്കേറ്റ സംസ്ഥാന സെക്രട്ടറി വി.ജി. വിഷ്ണുവിനെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും മറ്റുള്ളവരെ അടൂർ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അൻപതോളം യുവമോർച്ച പ്രവർത്തകർ കെ.എസ്.ആർ.ടി.സി കോർണറിൽ സംഘടിച്ച് ഇന്നലെ രാവിലെ 11 മണിയോടെയാണ് താലൂക്ക് ഓഫീസിലേക്ക് മാർച്ച് നടത്തിയത്. പ്രകടനം റോഡിന് കുറുകെ ബാരിക്കേഡ് നിരത്തി നഗരസഭ കാര്യാലയത്തിന് മുന്നിൽ പൊലീസ് തടഞ്ഞു.തുടർന്ന് പ്രവർത്തകർ മുദ്രാവാക്യം മുഴക്കി നടുറോഡിൽ പ്രതിഷേധിച്ചു. സംസ്ഥാന സെക്രട്ടറി വി.ജി.വിഷ്ണു പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു.പ്രവർത്തകർ ബാരിക്കേഡ് മറിച്ചിട്ട് താലൂക്ക് ഓഫീസ് പരിസരത്തേക്ക് കടക്കാൻ ശ്രമിച്ചതോടെയാണ് പൊലീസ് ലാത്തി വീശിയത്.രഞ്ജിത് (26),സുജീവ് ( 26 ),ശ്രേയസ് ചന്ദ്രൻ (25) പ്രദീപ് (34),ശ്യാം ശിവപുരം (30),അനന്തു.പി.കുറു പ്പ് (28) നിധീഷ് (32), രഞ്ജിത്ത് രാജൻ (30) അർജുൻചന്ദ്ര (25),ഉണ്ണികൃഷ്ണൻ (29) വിഷ്ണു ദാസ്, ജിഷ്ണു രഘു, അഖിലം വർഗീസ് വിഷ്ണു (30)എന്നീ യുവമോർച്ച പ്രവർത്തകരാണ് അറസ്റ്റിലായത്.