പത്തനംതിട്ട: കുമ്പഴ കേരള ബാങ്ക് ജീവനക്കാരനായ സി.പി.എം നേതാവിന്റെ ആദ്യ റൂട്ട് മാപ്പ് പുറത്തുവിട്ടു. ജൂൺ 20 മുതൽ ജൂലായ് എട്ട് വരെയുള്ള സഞ്ചാര പാതയാണ് പുറത്തുവിട്ടത്. കുമ്പഴ കേരളബാങ്ക് ശാഖ, മരണാനന്തര ചടങ്ങുകൾ, ട്രേഡ് യൂണിയൻ ധർണ, ഗൃഹപ്രവേശന ചടങ്ങ്, സമതാ സൂപ്പർ മാർക്കറ്റ്, സി.പി.എം ജില്ലാ കമ്മിറ്റി ഒാഫീസിൽ നടന്ന ലോക്കൽ കമ്മിറ്റി യോഗം, ബന്ധുവീടുകൾ, മത്സ്യ മാർക്കറ്റ് എന്നിവിടങ്ങളിൽ ഇദ്ദേഹം എത്തിയതായി സഞ്ചാര പാതയിൽ പറയുന്നു.

ഇക്കഴിഞ്ഞ എട്ടിന് യോഗം സ്ഥിരീകരിച്ച നേതാവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രാഥമിക വിവരശേഖരണത്തിലൂടെ തയ്യാറാക്കിയ സഞ്ചാര പാതയാണ് പുറത്തിറക്കിയത്. രോഗി ആരോഗ്യം വീണ്ടെടുക്കുമ്പോൾ സഞ്ചാര പാത പരിഷ്കരിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

യു.ഡി.എഫ് ഘടകക്ഷിയായ മുസ്ളീം ലീഗിന്റെ വിദ്യാർത്ഥി വിഭാഗമായ എം.എസ്.എഫ് നേതാവിന്റെ സഞ്ചാര പാത കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. സി.പി.എം നേതാവിന്റെ സഞ്ചാര പാത തയ്യാറാക്കാത്തതിനെതിരെ വിമർശനം ഉയർന്നിരുന്നു.