കൊക്കാത്തോട്: എസ്.എൻ.ഡി.പി ജംഗ്ഷന് സമീപം പുലിയുടെ സാന്നിദ്ധ്യം കഴിഞ്ഞ ദിവസം കണ്ടെത്തി. രാത്രി 8. 30 ന് കത്തോലിക്കപള്ളിയ്ക്ക് സമീപം താമസിക്കുന്ന സയ്യൂബാണ് പറമ്പിൽ പുലിയെ കണ്ടത്. വനപാലകർ സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ പുലിയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചു. ഒരു മാസം മുൻപ് ഒരേക്കറിലെ ജനവാസമേഖലയിലിറങ്ങിയ പുലി തൊഴുത്തിൽ കെട്ടിയിരുന്ന പശുവിനെ ആക്രമിച്ചിരുന്നു. വീട്ടുകാർ ബഹളം വച്ചതിനെ തുടർന്ന് പുലി പിൻവാങ്ങി. വീടിനു സമീപത്തെ വനമേഖലയിൽ ഏറെനേരം പുലി നിലയുറപ്പിച്ചതിനെ തുടർന്ന് വീട്ടുക്കാർ പശുവിന് കാവലിരുന്നു. സ്‌കൂൾ മുരുപ്പ്, കല്ലേലിത്തോട്ടം തുടങ്ങിയ പ്രദേശങ്ങളിലും നിരവധി തവണ നാട്ടുകാർ പുലിയെ കണ്ടിട്ടുണ്ട്. കത്തോലിക്കപള്ളിക്ക് സമീപം കൂട് സ്ഥാപിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.