പത്തനംതിട്ട : നഗരത്തിലെ കുലശേഖരപതി, കുമ്പഴ എന്നിവിടങ്ങളിൽ കൊവിഡ് സമൂഹ വ്യാപനം. നഗരത്തിലുള്ളവർക്കായി കുമ്പഴയിൽ നടത്തിയ റാപ്പിഡ് ആന്റിജൻ ടെസ്റ്റിൽ 24 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇവർ കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച കുലശേഖരപതി സ്വദേശികളുമായി സമ്പർക്കത്തിലേർപ്പെട്ടവരാണ്. ഇതു കൂടാതെ പന്തളത്ത് രണ്ട് പേർക്കും പത്തനംതിട്ട, കോട്ടാങ്ങൽ, കല്ലൂപ്പാറ എന്നിവിടങ്ങളിൽ ഒാരോരുത്തർക്കും സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.

കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച പത്തനംതിട്ട നഗരത്തിൽ ആളുകൾ വീടുകളിൽ തന്നെ കഴിയണമെന്നും യാത്രകൾ പൂർണമായും ഒഴിവാക്കണമെന്നും ഡി.എം.ഒ ഡോ. എ.എൽ.ഷീജ അറിയിച്ചു.

ജില്ലയിൽ രോഗം ബാധിച്ചവരുടെ എണ്ണം 500നോട് അടുക്കുന്നു. ഇന്നലെ ജില്ലയിൽ 54 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 494 ആയി. ചികിത്സയിലുളള രോഗികളുടെ എണ്ണം 200 ആയി. ഇന്നലെ 25 പേർ രോഗ മുക്തരായി.

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 114പേർ ചികിത്സയിലുണ്ട്. കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ 17, അടൂർ ജനറൽ ആശുപത്രിയിൽ 4, റാന്നി മേനാംതോട്ടം കെവിഡ് സെന്ററിൽ 53, പന്തളം അർച്ചന കൊവിഡ് സെന്ററിൽ 24 എന്നിങ്ങനെയാണ് ചികിത്സയിലുള്ളവർ.

@ അഞ്ചിൽ കൂടരുത്, ആറടി അകലം വേണം

അവശ്യസാധനങ്ങൾ വിതരണം ചെയ്യുന്ന കടകൾ മാമ്രേ തുറക്കാവൂ എന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കടകളിൽ ഒരേസമയം അഞ്ചു പേരിൽ കൂടുതൽ അനുവദനീയമല്ല. ആളുകൾ തമ്മിൽ ആറ് അടിയിലധികം അകലം പാലിക്കണം. ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയാക്കണം.
രോഗം സ്ഥിരീകരിച്ച വ്യക്തികളുമായി കഴിഞ്ഞ 14 ദിവസങ്ങളിൽ നേരിട്ടു സമ്പർക്കത്തിൽ എത്തിയവരെ പ്രൈമറി കോണ്ടാക്ട് എന്നും, പ്രൈമറി കോണ്ടാക്ടുമായി സമ്പർക്കത്തിൽ വന്നവരെ സെക്കൻഡറി കോണ്ടാക്ടുമായാണ് കരുതുന്നത്. കൊവിഡ്19 ഒരു വൈറസ് രോഗമാണ്. രോഗബാധിതരുമായി അടുത്ത സമ്പർക്കത്തിൽ വരുമ്പോഴും, രോഗബാധിതർ സ്പർശിച്ച പ്രതലങ്ങൾ, ഉപകരണങ്ങൾ തുടങ്ങിയവയിൽ സ്പർശിക്കുമ്പോഴുമാണ് രോഗപ്പകർച്ച ഉണ്ടാകുന്നത്.