കോന്നി: നഗരത്തിലെ റോഡ് വശങ്ങളിൽ മഴവെള്ളം കെട്ടിക്കിടക്കുന്നത് കാൽനടയാത്രക്കാർക്കും, വാഹനയാത്രക്കാർക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. കോന്നി തണ്ണിത്തോട് റോഡിൽ പൊതുമരാമത്ത് വകുപ്പ് ഓഫീസിനു മുന്നിലെ റോഡ് വശത്ത് ഇത്തരത്തിൽ മഴവെള്ളം കെട്ടികിടക്കാൻ തുടങ്ങിയിട്ട് ആഴ്ചകളായി. മലിനജലത്തിൽ കൊതുകൾ മുട്ടയിട്ട് പെരുകിയിരിക്കുകയാണ്. എതിരെ വരുന്ന വാഹനങ്ങൾക്ക് വശം കൊടുക്കുമ്പോൾ ഈ വെള്ളക്കെട്ടിൽ ഇറങ്ങേണ്ടതായും വരുന്നു.പുനലൂർമൂവാറ്റുപുഴ റോഡിൽ ചൈനാ മുക്ക് ജംഗ്ഷനിലും പരിസരങ്ങളിലെയും റോഡ് വശങ്ങളിൽ പലയിടങ്ങളിലായി വെള്ളം കെട്ടിക്കിടക്കുന്നുണ്ട്.മഴ പെയ്താൽ ഇവിടെ മഴവെള്ളം കെട്ടിക്കിടക്കുക പതിവാണ്. കടകൾക്ക് മുന്നിലുള്ളവ കടക്കാർ തന്നെ മണ്ണും, ചരലും ഇട്ട് വെള്ളക്കെട്ട് മാറ്റാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഈ വെള്ളം ഒഴുകി പോകാൻ മാർഗമില്ലാത്തതിനാൽ തൊട്ടടുത്തു തന്നെ വെള്ളക്കെട്ട് രൂപപ്പെടുകയാണ്. വെള്ളക്കെട്ട് ഒഴിവാക്കാൻ അടിയന്തര നടപടികൾ അധികൃതർ സ്വീകരിക്കണമെന്ന് പൊതുപ്രവർത്തകനായ എം.എ.ബഷീർ ആവശ്യപ്പെട്ടു.