പത്തനംതിട്ട : ജില്ലയിൽ 57,253 സ്കൂൾകുട്ടികൾക്ക് ഭക്ഷ്യക്കിറ്റുകൾ ലഭിക്കും. പ്രീ പ്രൈമറി മുതൽ എട്ടാംക്ലാസ് വരെ പഠിക്കുന്ന കുട്ടികളിൽ സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് ലഭ്യമാകും. സർക്കാർ സ്‌കൂളുകളിലെ 3336 കുട്ടികളാണ് പ്രീ പ്രൈമറി വിഭാഗത്തിൽ കിറ്റിന് അർഹർ. 53917 കിറ്റുകൾ എൽ.പി, യു.പി വിഭാഗത്തിലേക്ക് നൽകും. സപ്ലൈകോയാണ് പൊതുവിദ്യാഭ്യാസ വകുപ്പിനുവേണ്ടി ഭക്ഷ്യകിറ്റുകൾ സ്‌കൂളുകളിൽ എത്തിക്കുന്നത്. പ്രീപ്രൈമറി കുട്ടികൾക്കാണ് ആദ്യഘട്ടത്തിൽ ഭക്ഷ്യക്കിറ്റുകൾ നൽകുക. പ്രൈമറി, അപ്പർ പ്രൈമറി വിഭാഗത്തിലുള്ള കുട്ടികൾക്ക് അടുത്ത ഘട്ടത്തിൽ നൽകും. ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളും സാമൂഹിക അകലവും പാലിച്ച് സ്‌കൂളുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾക്ക് ഭക്ഷ്യക്കിറ്റുകൾ കൈപ്പറ്റാം.
പ്രീ പ്രൈമറി വിഭാഗത്തിൽ
1.2 കിലോഗ്രാം അരിയും 297.50 രൂപ വിലയുള്ള ഒമ്പതിന പലവ്യഞ്ജന സാധനങ്ങളുമാണുള്ളത്.
ഒന്നു മുതൽ അഞ്ചാംക്ലാസുവരെ
നാലു കിലോഗ്രാം അരിയും 299.50 രൂപയുടെ പലവ്യഞ്ജനങ്ങളും നൽകും.
ആറ് മുതൽ എട്ടാംക്ലാസ് വരെ
ആറ് കിലോഗ്രാം അരിയും 399.50 രൂപയുടെ ഒമ്പതിന പലവ്യഞ്ജന സാധനങ്ങളും നൽകും.
(അരകിലോഗ്രാം വീതം ചെറുപയർ, കടല, തുവര പരിപ്പ്, 100 ഗ്രാം വീതം മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ഒരു കിലോഗ്രാം വീതം ആട്ട, പഞ്ചസാര, ഉപ്പ് എന്നിവയാണ് കിറ്റിൽ ഉള്ളത്.)
1. മൈലപ്ര, തിരുവല്ല, അടൂർ, റാന്നി എന്നിവിടങ്ങളിലെ സപ്ലൈകോ ഗോഡൗണുകളിലാണ് കിറ്റുകൾ തയാറാക്കുന്നത്.
2. കിറ്റുകളുടെ വിതരണം 20നു മുമ്പ് പൂർത്തീകരിക്കാനാണ് നിർദേശം.
എയ്ഡഡ് പ്രീ പ്രൈമറി കുട്ടികളെ ഒഴിവാക്കി
പത്തനംതിട്ട: സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾക്ക് നൽകുന്ന സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണത്തിൽ നിന്ന് എയ്ഡഡ് പ്രീ പ്രൈമറി കുട്ടികളെ ഒഴിവാക്കി. പ്രൈമറി സ്‌കൂളുകളോടനുബന്ധിച്ച് പ്രീ പ്രൈമറി വിഭാഗം സർക്കാർ, എയ്ഡഡ് മേഖലയിൽ ഒന്നിച്ച് ആരംഭിച്ചെങ്കിലും എയ്ഡഡ് പ്രീ പ്രൈമറിയെ ഇതേവരെ അംഗീകരിച്ചിട്ടില്ല. ഇക്കാരണം പറഞ്ഞാണ് ഭക്ഷ്യക്കിറ്റ് വിതരണത്തിൽ വിവേചനം. പ്രൈമറി സ്‌കൂളുകൾക്കൊപ്പം പ്രീ പ്രൈമറി ആരംഭിച്ചതിനു പിന്നാലെ നൂറു കണക്കിനു കുട്ടികൾ എയ്ഡഡ് മേഖലയിലുമുണ്ട്. സർക്കാർ മേഖലയിൽ പ്രീ പ്രൈമറി അംഗീകരിച്ച് അദ്ധ്യാപകർക്കും ആയമാർക്കും നിയമനാംഗീകാരം നൽകി. എന്നാൽ എയ്ഡഡ് മേഖലയിൽ ഇപ്പോഴും അദ്ധ്യാപകർക്ക് മാനേജ്‌മെന്റോ സഹഅധ്യാപകരോ ആണ് ശമ്പളം നൽകുന്നത്. കുട്ടികൾക്ക് ഉച്ചക്കഞ്ഞി അടക്കം ആനുകൂല്യം സർക്കാർ മേഖലയിലുണ്ട്. എയ്ഡഡ് മേഖലയിൽ ഇത്തരം ആനുകൂല്യങ്ങൾ യാതൊന്നുമില്ല. കൊവിഡ് കാലത്ത് സ്‌കൂളുകൾ അടച്ചിട്ടിരിക്കുന്നതിനാൽ ഉച്ചഭക്ഷണ വിതരണത്തിനുള്ള വിഹിതം ഉപയോഗിച്ചാണ് ഭക്ഷ്യക്കിറ്റുകൾ നൽകുന്നത്.